കോട്ടയം: നാളെ വൈക്കം മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം നടക്കുകയാണ്. ഈ ഉത്സവത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ക്ഷേത്രത്തിലെ തുറക്കാത്ത വാതിലിന്റെ ഐതീഹ്യം ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്.
അന്നദാന പ്രഭു എന്ന പേരിൽ ആരാധിക്കുന്ന വൈക്കത്തപ്പനെ അടുത്തറിഞ്ഞാൽ പലതും അത്ഭുതപ്പെടുത്തും. അതിനാൽ ക്ഷേത്രത്തോളം തന്നെ പ്രാധാന്യം ഇവിടുത്തെ ക്ഷേത്രകഥകൾക്കും ആളുകൾ നൽകുന്നുണ്ട്. അതിലൊന്നാണ് ഇവിടുത്തെ തുറക്കാത്ത വാതിലിന്റെ കഥ. അറിയാം ഇവിടുത്തെ തുറക്കാത്ത വാതിലിന്റെ ഐതീഹ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
108 ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു പണ്ട് വൈക്കം മഹാദേവ ക്ഷേത്രം. വടക്കുംകൂർ രാജാക്കന്മാരും ക്ഷേത്രത്തിലെ ഊരാണ്മക്കാരും തമ്മിൽ ക്ഷേത്രത്തിന്റെ അധികാരത്തെ ചൊല്ലി ദീർഘകാലം തർക്കത്തിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടതാണ് നാലമ്പലത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ തുറക്കാത്ത വാതിലിന്റെ പിന്നിലുള്ള ചരിത്രം. രണ്ടു പക്ഷക്കാർ തമ്മിലുള്ള തർക്കവും വഴക്കും അനുദിനം വർദ്ധിച്ചു വന്നു. പക്ഷെ രാജാവ് ഇതിനൊന്നും പകരം ചോദിക്കാൻ നിൽക്കാതെ തന്റേതായ നിലപാടിൽ ഉറച്ചു നിന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ ന്യായത്തിൽ ഉറച്ച് നിന്നത് വലിയ പ്രശ്നങ്ങൾക്കും കാരണമായി.
അങ്ങനെ ഒരിക്കൽ വടക്കുംകൂർ രാജാവ് ഊരാണ്മക്കാരോട് ആലോചിക്കാതെ പെരുന്തമൃത് പൂജ എന്ന വഴിപാട് നടത്താൻ തീരുമാനിച്ചു. വളരെയധികം ചിലവ് വരുന്നതാണ് ഈ പൂജ. സാധാരണ നിവേദ്യങ്ങൾ കൂടാതെ ഖാദ്യം, ലേഹ്യം , ഭക്ഷ്യം, പേയം എന്നിവയിൽ ഉൾപ്പെടുന്ന സകല വിഭവങ്ങളും കൂട്ടിച്ചേർത്തുന്ന ഭോജനമാണ് ഇതിൽ വിളമ്പുന്നത്. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാവർക്കും അന്നദാനം നൽകുകയും വേണം.
പൂജ നടത്താൻ രാജാവ് തീരുമാനിക്കുകയും ഇതറിഞ്ഞ ഊരാണ്മക്കാർ ഇത് മുടക്കാൻ തീരുമാനിക്കുകയും ചെയ്തു. പൂജയുടെ ദിവസം രാജാവിന്റെ സംഘം എല്ലാ വിഭവങ്ങളും തയ്യാറാക്കി ക്ഷേത്രത്തിലെത്തിച്ചു. ഭക്തരും രാജാവിന്റെ കുടുംബവും എല്ലാവരും ക്ഷേത്രത്തിൽ എത്തിയെങ്കിലും സ്ഥിരം ക്ഷേത്രത്തിലുണ്ടാവുന്ന ഊരാണ്മക്കാർ ആരും അന്നവിടെ ഉണ്ടായില്ല. കുറച്ചു കഴിഞ്ഞ് ഊരാണ്മക്കാരിലൊരാളായ ഞള്ളൻ നമ്പൂതിരി പടിഞ്ഞാറേ നടയിലുടെ സോപാനപ്പടിയിൽ എത്തി. അവിടെയുണ്ടായിരുന്ന നിവേദ്യ പാത്രങ്ങളിൽ മുറുക്കിത്തുപ്പുകയും ചെയ്തു.
എല്ലാം അശുദ്ധമായതോടെ പൂജ മുടങ്ങി. ഇതു കഴിഞ്ഞ് പടിഞ്ഞാറേ ഗോപുരം വഴി മടങ്ങുവാൻ തുടങ്ങിയ ഞള്ളൻ നമ്ബൂതിരിയെ അവിടെവെച്ച് സർപ്പം കൊത്തി. ഗോപുരത്തിന് പുറത്തു കടന്നപാടെ അദ്ദേഹം മരിക്കുകയും ചെയ്തു. ഇതേ സമയം തന്നെ ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ വാതിൽ തനിയെ അടഞ്ഞു പോയി. ഈ സമയം തന്നെ ഇനി മേലിൽ വാതിൽ തുറക്കരുതെന്ന് ശ്രീകോവിലിനുള്ളിൽ നിന്ന് അശരീരി ഉണ്ടായെന്നുമാണ് ഐതിഹ്യം. അന്ന് അടഞ്ഞ ആ വാതിൽ ഇന്നും ഒരു സ്മാരകം പോലെ തുറക്കാത്ത വാതിലായി നിലകൊള്ളുന്നു.