വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കോടിയർച്ചനയ്ക്കും വടക്കുപുറത്തുപാട്ടിനുമുള്ള കാൽനാട്ടുകർമ്മത്തിനായുള്ള നിലം തൊടാതെ മുറിച്ചെടുത്ത പ്ലാവിൻ തടി ഭക്ത്യാദരപൂർവം ക്ഷേത്രത്തിലേയ്ക്ക് ആഘോഷപൂർവം ആനയിച്ചു. കോടി അർച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി പ്രസിഡന്റ് വൈക്കം ചാലപ്പറമ്പ് പാഴൂർ പുത്തൻവീട്ടിൽ അഡ്വ. എസ്. സുധീഷ്‌കുമാറിന്റെ വീട്ടുവളപ്പിലെ പ്ലാവാണ് ഇതിനായി മുറിച്ചെടുത്തത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.15ഓടെ വാദ്യമേളങ്ങൾ കാവടി എന്നിവയുടെ അകമ്പടിയോടെയാണ് കാൽ നാട്ടിനുള്ള പ്ലാവിൻ തടിചുമലിലേറ്റി ഭക്തർ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചത്. പാതയോരത്ത് പൂക്കൾ വിരിച്ച് ദീപ കാഴ്ചയൊരുക്കി തൊഴുകൈയോടെ ഭക്തർ കാത്തു നിന്നിരുന്നു. നൂറുകണക്കിനു ഭക്തർ പങ്കെടുത്തു. മഹാദേവക്ഷേത്രത്തിൽ വൈകുന്നേരം 6.10-നും 6.30-നും മധ്യേയുള്ള മുഹൂർത്തത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ടി.എം. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് കാൽനാട്ടി.