കോട്ടയം:
വൈക്കം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 3.25 കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കിയത്. ആശുപത്രി വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന ഇരുനില കെട്ടിടം അറ്റകുറ്റപ്പണി ചെയ്ത് പുതുക്കിയാണ് ഡയാലിസിസ് യൂണിറ്റിന് സ്ഥാപിച്ചത്.
രോഗികൾക്ക് ഡയാലിസിസ് ചെയ്തു തുടങ്ങി. രണ്ട് രോഗികൾക്കാണ് ഇന്നലെ ചികിത്സ ലഭ്യമാക്കിയത്. രജിസ്റ്റർ ചെയ്ത രോഗികളെ സ്‌ക്രീനിങ് നടത്തി ഫിറ്റ്‌നസ് ലഭിക്കുന്ന മുറയ്ക്ക് ഡയാലിസിസിന് വിധേയമാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം താലൂക്ക് ആശുപത്രിയിൽ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ചെറിയ ഓക്‌സിജൻ പ്ലാന്റിനു പുറമെ കൂടുതൽ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി സി.കെ. ആശ എം.എൽ.എ. അറിയിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ച് പണികഴിപ്പിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ നിലവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പൂർണതോതിലാകുമെന്നും എം.എൽ.എ. പറഞ്ഞു.