ബംഗളൂരു: കർഷകരുടെ ഭൂമി വഖഫ് ബോർഡിന് കൈമാറിയെന്ന ആരോപണത്തില്‍ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ്റെ രാജി ആവശ്യപ്പെട്ട് നവംബർ 4 മുതല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബി.ജെ.പി. കൃഷിഭൂമി വഖഫ് സ്വത്തായി തരംതിരിക്കാൻ സർക്കാർ ഭൂരേഖകള്‍ മാറ്റിയെന്നും ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു. ജില്ലയിലുടനീളമുള്ള ഭൂരേഖകള്‍ ഭേദഗതി ചെയ്യാൻ അധികാരികള്‍ സമ്മർദ്ദം ചെലുത്തുന്നുവെന്നും കർഷകരുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തി ഭൂമിയുടെ രേഖകള്‍ മാറ്റാൻ അധികാരികളെ നിർബന്ധിക്കുകയാണ് കോണ്‍ഗ്രസ് സർക്കാർ ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു.
മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (മുഡ), വാല്മീകി എസ്ടി ഡെവലപ്മെൻ്റ് കോർപ്പറേഷൻ എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി ആരോപിച്ചു. അഴിമതിക്കേസുകള്‍ മറച്ചുവെക്കാൻ ഒന്നിനുപുറകെ ഒന്നായി വിവാദ വിഷയങ്ങള്‍ പുറത്തുകൊണ്ടുവരുകയാണെന്നും വഖഫ് പ്രശ്നം പ്രതിപക്ഷം സൃഷ്ടിച്ചതല്ലെന്നും കോണ്‍ഗ്രസ് സർക്കാരാണ് തുടക്കമിട്ടതെന്നും കുമാരസ്വാമി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹവേരി ബിജെപി എംപിയും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയും വിഷയത്തില്‍ രംഗത്തെത്തി. കർഷകരുടെ കൃഷിഭൂമി വഖഫ് സ്വത്തായി തരംതിരിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. സർക്കാർ കർഷകർക്ക് നല്കിയ നോട്ടീസ് പിൻവലിക്കണമെന്നും സംസ്ഥാനത്തുട നീളമുള്ള രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച് കർഷകർക്ക് നീതി ഉറപ്പാക്കണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി വഖഫ് വിഷയം ഉയർത്തിക്കാട്ടുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർഷകരുടെ ഭൂമി ആർക്കും നല്‍കില്ലെന്നും അദ്ദേഹം ഉറപ്പ് നല്കി.