ദില്ലി : മുസ്ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം നാല്പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു. ഈയാഴ്ച തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. വഖഫ് കൗണ്‍സിലിന്റെയും ബോര്‍ഡുകളുടെയും അധികാരം വെട്ടിക്കുറക്കുന്ന പുതിയ ബില്ലാണ് കേന്ദ്രം കൊണ്ടുവരുന്നത്. വഖഫ് സ്വത്തുക്കളില്‍ ഇനി മുതല്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ഉറപ്പ് വരുത്തിയാണ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും.
തര്‍ക്ക സ്വത്തുക്കളിലും സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. വഖഫിന്റെ സ്വത്തുക്കള്‍ രജിസ്ട്രര്‍ ചെയ്യാനായി പോര്‍ട്ടല്‍ നിലവില്‍ വരും. റവന്യൂ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചേ സ്വത്തുക്കള്‍ വഖഫിലേക്ക് മാറ്റാനാകൂ. പോര്‍ട്ടലിനൊപ്പം ഭൂമി വിവരങ്ങള്‍ക്കായി ഡേറ്റാ ബേസും സജ്ജമാക്കും. വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും നിര്‍ണ്ണായകമായമാറ്റങ്ങള്‍ വരും. 11 അംഗ ബോര്‍ഡില്‍ രണ്ട് പേര് വനിതകളായിരിക്കും. 2 പേര് മുസ്ലിം ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, എംപി, എംഎല്‍എ അതാതിടങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവര്‍ ബോഡിലുണ്ടാകണമെന്നുമാണ് നിര്‍ദ്ദേശം. മുസ്ലിംങ്ങളിലെ പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു. ബില്‍ അവതരണത്തില്‍ വിയോജിപ്പ് അറിയിച്ച് ലീഗ് കുറിപ്പ് നല്കി. ലീഗിന് പിന്നാലെ കോണ്‍ഗ്രസും ബില്ലിനെതിരെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദാനമായും, അല്ലാതെയും ലഭിച്ച സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും, നടത്തിപ്പിനുമുള്ള പൂര്‍ണ്ണാധികാരവും വഖഫ് ബോര്‍ഡുകള്‍ക്ക് നല്കുന്ന 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി കൊണ്ടു വരുന്നത്. 2013 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭേദഗതി ചെയ്ത് നല്കിയ കൂടുതല്‍ അധികാരങ്ങളും എടുത്തുകളയും. നിലവില്‍ 1.2 ലക്ഷം കോടി രൂപയുടെ സ്വത്ത് വകകളാണ് വഖഫ് ബോര്‍ഡുകളുടെ കീഴിലുള്ളത്. സൈന്യവും, റെയില്‍വേയും കഴിഞ്ഞാല്‍ രാജ്യത്ത് കൂടുതല്‍ ആസ്തിയുള്ളത് വഖഫ് ബോര്‍ഡുകള്‍ക്കാണ്.