തമിഴ് സിനിമാ പ്രേക്ഷകരുടെ കൂട്ടത്തിൽ ഏറ്റവുമധികം ഫാൻ ഫൈറ്റ് നടക്കുന്നത് അജിത്ത്, വിജയ് ആരാധകർ തമ്മിലാണ്. ഇവരുടെ ചിത്രങ്ങൾ ഒരേ ദിവസം തിയറ്ററുകളിലെത്തുക എന്നത് അതിനാൽത്തന്നെ വലിയ ആവേശമാവും ആരാധകരിൽ സൃഷ്ടിക്കുക. നീണ്ട ഒൻപത് വർഷങ്ങൾക്കു ശേഷം ആരാധകർക്ക് ആഘോഷിക്കാൻ അത്തരമൊരു അസുലഭാവസരം വീണ്ടും വരികയാണ്. അടുത്ത വർഷം പൊങ്കൽ സീസണിൽ അജിത്ത്, വിജയ് ചിത്രങ്ങൾ ഒരുമിച്ച് തിയറ്ററുകളിൽ എത്തും.
വിജയ് നായകനാവുന്ന വരിശ് പൊങ്കൽ റിലീസ് ആയിരിക്കുമെന്ന് ദീപാവലി സമയത്ത് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നതാണ്. ഇന്നിതാ അജിത്ത് ചിത്രം തുനിവിൻറെ റിലീസും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഒരു ബോക്സ് ഓഫീസ് യുദ്ധം ഉറപ്പായത്. തുനിവിൻറെ നിർമ്മാതാവ് ബോണി കപൂർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒപ്പം ചിത്രത്തിൻറെ തമിഴ്നാട് വിതരണാവകാശം ഉദയനിധി സ്റ്റാലിൻറെ റെഡ് ജയൻറ് മൂവീസ് സ്വന്തമാക്കിയ വിവരവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എച്ച് വിനോദ് ആണ് ചിത്രത്തിൻറെ സംവിധാനം. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യരാണ് അജിത്തിൻറെ നായികയായി എത്തുന്നത് എന്നത് മലയാളി പ്രേക്ഷകരിലും വലിയ കൌതുകം സൃഷ്ടിച്ചിട്ടുള്ള ഘടകമാണ്. വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. 2014 ൽ ആണ് ഇതിനുമുൻപ് വിജയ്, അജിത്ത് ചിത്രങ്ങൾ ഒരേ സമയം തിയറ്ററുകളിൽ എത്തിയത്. ജില്ലയും വീരവുമായിരുന്നു അന്നത്തെ ചിത്രങ്ങൾ.