റാന്നി : ഒന്നരവര്‍ഷത്തിന് ശേഷം വീണ്ടും സ്‌കൂളുകള്‍ തുറക്കുകയാണ് കേരളത്തില്‍. പ്രവേശനോത്സവം പല പുതുമകളും കൊണ്ട് വ്യത്യസ്തമാക്കുകയാണ് മിക്ക സ്‌കൂളുകളും. എന്നാല്‍ വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സ്‌കൂള്‍ ഹൈടെക് രീതിയിലാണ് കുട്ടികളെ വരവേറ്റത്. ഇവിടെ കുരുന്നുകളെ സ്‌കൂളിലേക്ക് സ്വീകരിക്കാന്‍ അധ്യാപകര്‍ക്കൊപ്പം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ മുന്നിലുണ്ട്. മഹാമാരി കാലത്തിനുശേഷം സ്‌കൂളിലെത്തുന്ന ദിനം കുട്ടികള്‍ ഒരിക്കലും മറക്കാതിരിക്കുവാനാണ് വ്യത്യസ്ത അതിഥിയായി റോബോട്ടിനെ സ്‌കൂളധികൃതര്‍ എത്തിക്കുന്നത്.
കൗതുകവും വിജ്ഞാനവും പകരുന്ന പ്രവേശനോത്സവം നടത്തണമെന്ന് അധ്യാപകര്‍ തീരുമാനിച്ചിരുന്നു. നേരത്തെ പ്രവേശനോത്സവത്തില്‍ കുട്ടികളെ കുതിര വണ്ടികളിലും മറ്റും എത്തിച്ച സ്‌കൂളിന് പുതിയ അതിഥിയെ വേഗത്തില്‍ തീരുമാനിക്കാനായി. ഒരു റോബോട്ടിനെ സംഘടിപ്പിക്കാനുള്ള തീരുമാനം വേഗത്തിലായിരുന്നു. തൃശ്ശൂര്‍ ഇന്‍കാര്‍ റോബോട്ടിക്സുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ അതിഥിയെ തലേദിവസം തന്നെ എത്തിച്ചു. കുട്ടികള്‍ക്കിഷ്ടമാകുന്നൊരു പേരിന് വേണ്ടി ആലോചിച്ചപ്പോള്‍ സിനിമാ കഥാപാത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന് തന്നെ പേരുമിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികളെ വരവേല്‍ക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ നല്‍കുന്നതും റോബോട്ട് ആയിരിക്കും.കുഞ്ഞുങ്ങളെ പേരുപറഞ്ഞ് വിളിക്കുകയും അവര്‍ക്കൊപ്പം പാടുകയും നൃത്തം വെയ്ക്കുകയും ചെയ്യുന്ന റോബോട്ട് താരമാകുമെന്ന് തന്നെയാണ് സ്‌കൂളധികൃതരുടെ പ്രതീക്ഷ.ലോകം ആധുനീകതയിലേക്കു നീങ്ങുന്നുവെന്ന ചിന്ത കുട്ടികളുടെ മനസ്സില്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്ന് പ്രഥമാധ്യാപകന്‍ സാബു പുല്ലാട്ട് പറഞ്ഞു.