വൈക്കം : വെച്ചൂർ -മറ്റം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വളച്ച കരിപാലത്തിന്റെ സമീപ റോഡ് ഇടിഞ്ഞു താണ് അപകട ഭീഷണിയിൽ.വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ ഗതാഗതം സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധത്തിലാണ് പ്രദേശ വാസികൾ. വെച്ചൂരിലെ ഉൾപ്രദേശത്തെ 400 ഓളം കുടുംബങ്ങൾ പുറം ലോകവുമായി ബന്ധപ്പെടുന്ന പാലം നാലു പതിറ്റാണ്ടോളം നീണ്ട പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് യാഥാർഥ്യമായത്. പാടശേഖരങ്ങളുടെ നടുവീലുടെ കടന്നുപോകുന്ന റോഡിനിരുവശത്തും നെൽകൃഷി വിളവെടുത്താൽ ലോറിയിൽ കയറ്റി പാലത്തിലൂടെ മറുകര കടക്കുന്നത് ഏറെ സാഹസികമായിരിക്കുകയാണ്.
പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് സമീപ റോഡ് ഇടിഞ്ഞു താണ് പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് വലിയ കുഴി രൂപപ്പെട്ടത്. വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ ഇരുചക്ര വാഹനങ്ങളുടെ അടക്കം അടിഭാഗം തട്ടി തകരാറു സംഭവിക്കുകയാണ്. കെ സുരേഷ് കുറുപ്പ് എം പിയായിരുന്നപ്പോൾ അനുവദിച്ച 42 ലക്ഷം രൂപ, ജോസ് കെ മാണി എം പിയായിരുന്നപ്പോൾ അനുവദിച്ച 62 ലക്ഷം, ജില്ലാ പഞ്ചായത്ത് അനുവദിച്ച 28 ലക്ഷം എന്നിവ ഉപയോഗിച്ചാണ് 2012 ൽ പാലവും സമീപ റോഡും നിർമ്മിച്ചത്. അപകട ഭീഷണി ഒഴിവാക്കാൻ പാലത്തിന്റെ ഇടിഞ്ഞു താണ സമീപ റോഡ് ഉയർത്തി നിർമ്മിക്കുന്നതിന് പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.