കോട്ടയം: വെള്ളവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വങ്ങാന്‍ വരുന്നവര്‍ ഇനി കുപ്പിയില്ലെന്നോര്‍ത്ത് വിഷമിക്കേണ്ട. മരുന്ന് വാങ്ങാനാവശ്യമായ കുപ്പികള്‍ ചില്ലാകുന്ന് ഡിവൈഎഫ്‌ഐ യൂണിറ്റിലെ സഖാക്കള്‍ എത്തിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയിലെത്തുന്ന അനേകര്‍ക്ക് കുപ്പി അന്വേഷിച്ചുള്ള അലച്ചില്‍ ഒഴിവാകും.
വെള്ളവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്നു വാങ്ങുവാന്‍ വരുന്ന രോഗികള്‍ പലപ്പോഴും മരുന്നു വാങ്ങുന്നതിനു കുപ്പികള്‍ കൊണ്ടുവരാറില്ല. ആശുപത്രിയിലേക്ക് ധൃതിയില്‍ വേഗം ഒരു ഓട്ടോ പിടിച്ചോ മറ്റോ വരുമ്പോള്‍ പലപ്പോഴും പലരും അത് മറന്നു പോകുന്നു എന്നതാണ് സത്യം. ഡോക്ടറെ കണ്ട ശേഷം ഡോക്ടര്‍ കുറിക്കുന്ന മരുന്നില്‍ ചിലത് കുപ്പിയില്‍ വാങ്ങേണ്ടവ ആയിരിക്കും. ഈ നേരത്താണ് പലരും കുപ്പിയെ പറ്റി ഓര്‍ക്കുക. കുപ്പിയില്ലാതെ വിഷമിച്ചു നില്‍ക്കുന്ന മുഖങ്ങള്‍ ആശുപത്രി പരിസരത്ത് കണ്ടുതുടങ്ങിയതോടെ പ്രശ്‌നത്തിന് പരിഹാരം കാണാനായി സ്ഥലത്തെ സഖാക്കള്‍ ഒന്നിച്ചിറങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ ഭാഗമായി ചില്ലാകുന്ന് യൂണിറ്റിലെ സഖാക്കള്‍ യൂണിറ്റില്‍ കൂടിയാലോചിച്ച് യൂണിറ്റ് പ്രസിഡന്റ് സഖാവ് സന്ദീപിന്റ നേതൃത്വത്തില്‍ മേഖല കമ്മറ്റി അംഗം സഖാവ് ജോബിന്‍, വൈസ് പ്രസിഡന്റ് സഖാവ് അമല്‍, യൂണിറ്റിലെ മറ്റു സഖാക്കള്‍ എന്നിവര്‍ ചേര്‍ന്നു സമീപ പ്രദേശത്തെ കടകളിലെ ഉപയോഗ ശൂന്യമായ കുപ്പികള്‍ ശേഖരിച്ചു. ഇത് പല തവണ കഴുകി വൃത്തിയാക്കിയ ശേഷം, വെള്ളവൂര്‍ മേഖല പ്രസിഡന്റ് അഭിജിത്, സെക്രട്ടറി അരുണ്‍ എന്നിവരുടെ സാനിധ്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇതോടെ ആശുപത്രിയിലെ കുപ്പി പ്രതിസന്ധിക്ക് പരിഹാരമായി.