കൊച്ചി: വിജയ് ബാബുവിനെതിരായ മീടു കേസിൽ ചോദ്യങ്ങളുമായി മല്ലികാ സുകുമാരൻ. പരാതി ഉന്നയിക്കുന്ന പെൺകുട്ടി ഇത്രയും നാൾ എന്തിന് അവിടെ പോയി എന്ന് മല്ലിക ചോദിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരൻ ചോദ്യങ്ങൾ ഉന്നയിച്ചത്. കേസിന്റെ മറ്റ് വിശദാംശങ്ങളിലേക്കൊന്നും താൻ കടക്കുന്നില്ലെന്നും അവർ പറഞ്ഞു. അതേസമയം പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇയാൾ വിദേശത്ത് ഒളിവിൽ തന്നെയാണ്. ഒളിസങ്കേതം ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.
ഇക്കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞാൽ താൻ സ്ത്രീ വിദ്വേഷിയാണെന്ന് പറയും. അതുകൊണ്ട് കാര്യങ്ങൾ പറയാൻ ഭയമുണ്ട്. വിജയ് ബാബു തന്നെ നിർമിച്ച ഒരു ചിത്രത്തിലെ പെൺകുട്ടിയാണ് ഇതെന്ന് ഞാൻ പത്രത്തിലൊക്കെ വായിച്ചു. കഴിഞ്ഞ ദിവസം മലയാളത്തിൽ ഹാസ്യമൊക്കെ കൈകാര്യം ചെയ്ത പ്രമുഖ നായിക ഇക്കാര്യങ്ങളൊക്കെ ഞാനുമായി സംസാരിച്ചിരുന്നു. ഒന്നോ രണ്ടോ തവണയൊക്കെ ബലാത്സംഗം നടക്കാം. പക്ഷേ 16 പ്രാവശ്യമൊക്കെ എങ്ങനെ നടക്കും. ആ കുട്ടി ഇത്രയും തവണ എങ്ങനെ വിജയ് ബാബുവിന്റെ അടുത്തെത്തി എന്നത് ചോദ്യമാണ്. ഇത് ആരോപണം ഉന്നയിക്കുന്ന കുട്ടി ആദ്യം പറഞ്ഞിട്ട് വേണം കാര്യങ്ങൾ പറയാനെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തൊൻപതോ പതിനാറോ തവണ അവിടെ പോയെന്നാണ് ഞാൻ മാധ്യമങ്ങളിലൂടെ കേട്ടത്. മറ്ററിവുകളൊന്നും ഇല്ല. എന്നോടാരും ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുമില്ല. ഇത് വിജയ് ബാബുവിനെ എതിർക്കുന്ന സ്ത്രീകൾ ചോദിക്കണം. നിങ്ങൾ ഇത്രയും സമയം കഴിഞ്ഞിട്ട് എന്തിന് പറഞ്ഞു. നിങ്ങൾ രണ്ട് മൂന്ന് പ്രാവശ്യം കഴിഞ്ഞപ്പോൾ പിന്നെയും അവിടെ എന്തിന് പോയി. വിജയ് ബാബു ഇത്തരക്കാരനാണെന്നും അറിഞ്ഞിട്ട് പോയത് എന്തിനാണെന്ന് ഈ പെൺകുട്ടി ആദ്യം പറയണമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. അല്ലെങ്കിൽ തന്നെ ഇങ്ങനൊക്കെ ചെയ്ത ഒരാളുടെ അടുത്ത് അച്ഛനോ, സഹോദരന്മാരോ, അതല്ലെങ്കിൽ ബന്ധുക്കളോ, അതുമല്ലെങ്കിൽ പോലീസിനെയോ ഇക്കാര്യം അറിയിക്കണമായിരുന്നു.
ഒരുപാട് വഴികൾ ഈ നാട്ടിലുണ്ട്. അതൊന്നും ആ പെൺകുട്ടി ഉപയോഗപ്പെടുത്തിയില്ല. എന്നിട്ട് പെട്ടെന്നൊരു സുപ്രഭാതത്തിൽ മീടുവുമായി വരുന്നു. 19 പ്രാവശ്യമൊക്കെ വരുന്നു. അതുപോലെയാണ് സൂര്യനെല്ലിയും ഞാൻ ഞെട്ടിപ്പോയി. 149 പ്രാവശ്യമൊക്കെ നടക്കുമോ?ഒന്നര വർഷമൊക്കെ പീഡനം നടക്കുമോ? എന്താണ് ഏതാണെന്നൊക്കെ പറയാൻ എനിക്കറിയില്ല. മാധ്യമങ്ങളിലും, മറ്റ് പ്രമുഖരുമൊക്കെ അത് പറയുന്നത് കേട്ടിരുന്നു. പക്ഷേ ആണായാലും പെണ്ണായാലും ഒരു കാര്യം പറയുമ്പോൾ, പ്രത്യേകിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കൃത്യമായൊരു കാരണമുണ്ടാവണം. അല്ലാതെ എന്തും ഉന്നയിക്കാൻ പറ്റില്ല. അപ്പോൾ ചോദ്യങ്ങൾ വരുമെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി.
ഇതൊക്കെ കൊണ്ടാണ് ദിലീപ് കേസിലെ അതിജീവിതയ്ക്കൊപ്പം നിൽക്കും. അക്കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിഞ്ഞൊരാളാണ് ഞാൻ. ജോലിക്ക് വരുമ്ബോൾ വഴിയിൽ തടഞ്ഞു നിർത്തി, ഒരാളെ ഇത്ര ക്രൂരമായി ഉപദ്രവിക്കുക എന്നൊക്കെ പറഞ്ഞാൽ, ഈശ്വരൻ പോലും അത് ചെയ്തവർക്ക് മാപ്പു കൊടുക്കില്ല. പക്ഷേ മീടു പോലുള്ള കാര്യങ്ങളെ പൂർണമായും വിശ്വസിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല. എന്ത് കൊടുത്തു ചെയ്തു എന്നൊന്നും ചോദിക്കാനും തോന്നുന്നില്ല. അങ്ങനെ ഒരുപാട് തവണ ഒരാളുടെ അടുത്ത് പോകുന്നവരുടെ ഭാഗത്തും തെറ്റുണ്ട്. അങ്ങനെയൊരാളുടെ അടുത്ത് ഒരിക്കലും പോകരുത്, പോകാനേ പാടില്ലെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
അതിജീവിതയോട് വാത്സല്യമോ സ്നേഹമോ ഒക്കെയുണ്ട്. ആര് ചെയ്താലും അത് ശിക്ഷാർഹമാണ്. അത് കണ്ടെത്താൻ കോടതി ശ്രമിക്കണം. ഈ വിഷയത്തിൽ ന്യായീകരണത്തിന് ശ്രമിക്കുന്നുവരുമുണ്ട്. വളരെ മോശമാണത്. സ്വന്തം ഭാര്യക്കോ സഹോദരിക്കോ ഇതൊന്ന് സംഭവിച്ച് നോക്കണം. അപ്പോൾ അറിയാം എല്ലാവർക്കും. ആ സമയത്ത് ഇവരൊക്കെ കൈയ്യും കെട്ടി നോക്കി നിൽക്കുവോ? ആ കുട്ടിക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. എന്ത് കൊണ്ടായിരിക്കും നീതി ഇത്രത്തോളം വൈകുന്നതെന്ന് അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ആ സംഭവം നടന്നതാണെന്ന് എല്ലാവർക്കും അറിയാം. ഡബ്ബിംഗിന് വരുന്ന് തടഞ്ഞ് നിർത്തിയാണ് ഈ ഭീകര സംഭവം നടക്കുന്നത്. ഒരുപക്ഷേ സിനിമാ ഫീൽഡിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കുമെന്നും മല്ലിക പറഞ്ഞു.
അതേസമയം വിജയ് ബാബുവിനെ മീടു കേസിൽ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ശക്തമാക്കി. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ലഭിച്ച അറസ്റ്റ് വാറന്റ് ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനും ദുബായ് പോലീസിനും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർ നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു. വിജയ് ബാബുവിന്റെ താമസ സ്ഥലത്തിന്റെ വിലാസം കിട്ടിയാൽ ഉടൻ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും. പെൺകുട്ടി പരാതി നൽകുമെന്ന വിവരം ചോർന്ന് കിട്ടിയ വിജയ് ബാബു ആദ്യം ഗോവയിലേക്കും, അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കും കടന്നതായിട്ടാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിജയ് ബാബു പരാതിക്കാരിയെയും മൊഴി നൽകാൻ സാധ്യതയുള്ളവരെയും സ്വാധീനിക്കാൻ ശ്രമിച്ചേക്കുമെന്നും പൊലീസ് കരുതുന്നുണ്ട്.