കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു. നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡന്‍റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര സമര്‍ഥിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചിരിക്കുകയാണ്.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ മാനേജിംഗ് പാര്‍ട്നര്‍ ആയിരുന്ന സമയത്ത് ആ ബാനറില്‍ ഇറങ്ങിയ ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഒരു വ്യക്തിക്കല്ലെന്നും മറിച്ച് നിര്‍മ്മാണ കമ്പനിക്ക് ആണെന്നും ആയതിനാല്‍ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി സാന്ദ്രയ്ക്ക് തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാവില്ലെന്നും വിജയ് ബാബു പ്രതികരിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിജയ് ബാബുവിന്‍റെ പ്രതികരണം.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“തനിക്ക് യോഗ്യതയില്ലാത്ത കാര്യത്തില്‍- ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് കഴിയില്ല. തന്‍റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ മാത്രമാണ് സാധിക്കുക. എന്‍റെ അറിവ് പ്രകാരം സെന്‍സര്‍ നല്‍കുന്നത് ഒരു വ്യക്തിക്കല്ല മറിച്ച് ഒരു കമ്പനിക്ക് ആണ്. ഫ്രൈഡേ ഫിലിം ഹൗസിനെ ഒരു സമയത്ത് സാന്ദ്ര തോമസ് പ്രതിനിധീകരിച്ചിരുന്നു. അവിടെ നിന്ന് 2016 ല്‍ നിയമപരമായി രാജി വെക്കുകയും ചെയ്തിരുന്നു. തന്‍റെ ഓഹരിയോ അതില്‍ കൂടുതലുമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി.

കഴിഞ്ഞ 10 വര്‍ഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ബന്ധമേതുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറ്റൊരു തരത്തിലാണ് കോടതിയുടെ തീരുമാനം വരികയെങ്കില്‍ അത് നമുക്കെല്ലാം ഒരു പുതിയ അറിവായിരിക്കും”, വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ 3 ചിത്രങ്ങളെങ്കിലും നിര്‍മ്മിച്ചിരിക്കണമെന്നാണ് സംഘടനയുടെ ബൈലോ. എന്നാല്‍ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ചിത്രങ്ങള്‍ കൂടി കൂട്ടി ഒന്‍പത് സിനിമകള്‍ തന്‍റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നാണ് സാന്ദ്ര തോമസിന്‍റെ വാദം. സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍.