കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് അദ്ദേഹം. നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് വിജയരാഘവന്‍. ഇന്നും തന്നിലെ പ്രതിഭ കൊണ്ട് അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞാടുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പൂക്കാലം, ആന്റണി തുടങ്ങിയ സിനിമകളിലെല്ലാം ഗംഭീര പ്രകടനമാണ് വിജയരാഘവന്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമകള്‍ക്ക് പുറമെ ആദ്യമായി വെബ്‌സീരീസിന്റെയും ഭാഗമായിരിക്കുകയാണ് നടൻ. ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ആരംഭിക്കുന്ന പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസിലൂടെയാണ് അരങ്ങേറ്റം. സീരീസിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ. അതിനിടെ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെക്കുറിച്ചും വിജയരാഘവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ അകന്ന ബന്ധുവായിരുന്നു ഭാര്യ സുമയെന്ന് വിജയരാഘവൻ പറയുന്നു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എന്റേത് പ്രണയവിവാഹമൊന്നും ആയിരുന്നില്ല. സുമയെ എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ്. അകന്ന ബന്ധുക്കളാണ്. അവളെ ഞാൻ എടുത്ത് നടന്നിട്ടുണ്ട്. നല്ല തടിയായിരുന്നു, സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് അവളെ എടുത്ത് വീട്ടില്‍ കൊണ്ട് ചെന്നാക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ പത്ത് വയസ്സിന്റെ വ്യത്യാസമാണ്. പ്രണയിച്ച് വിവാഹം ചെയ്തതൊന്നും ആയിരുന്നില്ല, വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.
പത്ത് വയസ്സിന്റെ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മിലുള്ള ബന്ധവും അങ്ങനെയാണ്. അവള്‍ക്ക് ഞാനൊരു അച്ഛനെ പോലെയും ചേട്ടനെ പോലെയുമൊക്കെയാണ്. പ്രണയം, സ്‌നേഹം, സെക്‌സ് എന്നൊക്കെ പറഞ്ഞ് വിഭജിക്കാന്‍ കഴിയുന്നതിന് അപ്പുറത്തുള്ളതാണ് ഞങ്ങളുടെ ബന്ധം. അത് വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നു. ഭാര്യയോട് ഞാന്‍ ഇതുവരെ ഐ ലവ് യു എന്നൊന്നും പറഞ്ഞിട്ടില്ല”, വിജയരാഘവൻ പറഞ്ഞു. മറ്റൊരു അഭിമുഖത്തില്‍ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമെല്ലാം വിജയരാഘവൻ വാചാലനാവുകയുണ്ടായി. എനിക്ക് രണ്ട് ആണ്‍ മക്കളാണ്, അതുകൊണ്ട് പെണ്‍മക്കളോട് പ്രത്യേക വാത്സല്യമാണ്. മക്കളുടെ ഭാര്യമാരെ എന്റെ മക്കളെ പോലെ തന്നെയാണ് കാണുന്നത്. എന്റെ അച്ഛന്‍ എനിക്കൊരു സുഹൃത്തിനെ പോലെയായിരുന്നു, എന്റെ മക്കള്‍ക്ക് നല്ല ഒരു സുഹൃത്താകാനാണ് ഞാനും ശ്രമിച്ചത്. അച്ഛന്‍ എനിക്ക് തന്നതിലും അധികം ഫ്രീഡം മക്കള്‍ക്ക് നല്‍കിയിട്ടുണ്ട്, കാരണം കാലം അതിനനുസരിച്ച് മാറിയല്ലോ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കളുടെ ഭാര്യമാരെല്ലാം വളരെ ഇന്റലിജന്റായ പെണ്‍കുട്ടികള്‍ ആണെന്നും വിജയരാഘവൻ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കും പുരുഷന്മാരെ പോലെ തന്നെ ഇമോഷണലി സ്‌ട്രോങ് ആകാന്‍ കഴിയണം. അതാണ് ഞാന്‍ എന്റെ മരുമക്കളോടും പറയാറുള്ളത്. അടിസ്ഥാനപരമായി പുരുഷന്മാരെക്കാള്‍ കഴിവും ബുദ്ധിയും കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുമുള്ള പ്രാപ്തിയുമൊക്കെ സ്ത്രീകള്‍ക്കാണ് കൂടുതല്‍. അത് മനസ്സിലാക്കി എല്ലാ മേഖലയിലും തുല്യത കൊണ്ടുവരണമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. അതേ സമയം നിഖില വിമല്‍, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്‍ഗീസ് എന്നിവര്‍ അണിനിരക്കുന്ന സീരീസാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്. പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിരീസിന്‍റെ രചന ദീപു പ്രദീപ് ആണ്. കുഞ്ഞിരാമായണം, പത്മിനി എന്നീ സിനിമകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ആളാണ് ദീപു പ്രദീപ്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് സിരീസിന്‍റെ നിര്‍മ്മാണം. 2024 ജനുവരി അഞ്ചിനാണ് സീരീസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുക.