ഹൈദരാബാദ് : ബോളിവുഡ് സിനിമകള്‍ക്ക് എതിരെയുള്ള ബഹിഷ്കരണ ആഹ്വാനം ഇപ്പോള് ട്രെന്‍ഡാണ്. ആമിര്‍ ഖാന്‍ ലാല്‍ സിങ് ഛദ്ദയും ആക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനുമെല്ലാം ഇത്തരത്തില്‍ ബോയ്കോട്ട് ഭീഷണിയില്‍പ്പെട്ടു. ആമിര്‍ ഖാനെ പിന്തുണച്ചതിന് ഹൃത്വിക് റോഷന്റെ വിക്രം വേദ വരെ ബോയ്കോട്ട് ഹാഷ്ടാഗിന് ഇരയായി. ഇപ്പോള്‍ ബോയ്കോട്ട് ഭീഷണി നേരിടുന്നത് വിജയ് ദേവരക്കൊണ്ടയുടെ ലൈഗറാണ്.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇത്ര അഹങ്കാരമുള്ള ഒരാളുടെ സിനിമ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് ബഹിഷ്കരണ ആഹ്വാനം. ഇതു മാത്രമല്ല മറ്റുപല കാര്യങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. വിജയ്നോട് പ്രശ്നമൊന്നും ഇല്ലെന്നും പക്ഷേ സിനിമ കണ്ടാല്‍ കരണ്‍ ജോഹറിന്റെ കയ്യിലേക്ക് പൈസ പോകും എന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു വിഭാഗം ബോയ്കോട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്കാരത്തെ അപമാനിച്ചെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടില്‍ നടന്ന ഒരു പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതില്‍ താരങ്ങള്‍ രണ്ടുപേരും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്കാരത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണ നീക്കം.
പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രം ആഗസ്റ്റ് 25നാണ് തിയറ്ററില്‍ എത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ്.