മൂവി ഡെസ്ക്ക് : കമല്‍ ഹാസന്‍റെ കരിയറിലെ എക്കാലത്തെയും വലിയ വാണിജ്യ വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ വിക്രം. ഇതേ പേരില്‍ 1986 ല്‍ പുറത്തെത്തിയ കമലിന്‍റെ തന്നെ ചിത്രത്തിന് ഒരു തരത്തില്‍ നല്‍കിയ ട്രിബ്യൂട്ട് കൂടിയായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം.ലോകേഷ് ഒരുക്കിയ വിക്രത്തിന്‍റെ ബജറ്റ് 120 കോടി ആയിരുന്നു. ആഗോള ബോക്സ് ഓഫീസിലെ ലൈഫ് ടൈം ഗ്രോസ് 435 കോടിയും. 1986 ല്‍ എത്തിയ വിക്രം നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിയ ചിത്രമാണോ?
അതെ എന്നാണ് ഉത്തരം. കമല്‍ ഹാസന്‍റെ തന്നെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ ആണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിക്രത്തിന്‍റെ ബജറ്റ് 120 കോടി ആണെങ്കില്‍ 1986 ല്‍ എത്തിയ വിക്രത്തിന്‍റെ ബജറ്റ് 1.5 കോടി ആയിരുന്നു. വൈഡ് റിലീസിംഗ് ഇല്ലാതിരുന്ന അക്കാലത്ത് കളക്ഷനേക്കാള്‍ ഓടിയ ദിനങ്ങളുടെ എണ്ണമാണ് നിര്‍മ്മാതാക്കള്‍ സിനിമകളുടെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിച്ചിരുന്നത്. എ, ബി, സി ക്ലാസ് തിയറ്ററുകളിലായി 100 ദിവസത്തിലേറെ ഓടിയ ചിത്രമാണ് അത്. ലൈഫ് ടൈം ബോക്സ് ഓഫീസ് കളക്ഷന്‍ 8 കോടിയും. അതായത് ബജറ്റിന്‍റെ അഞ്ച് മടങ്ങിലേറെ കളക്ഷനാണ് അന്ന് നിര്‍മ്മാതാവിന് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുജാതയുടെ കഥയ്ക്ക് കമല്‍ ഹാസനും സുജാതയും ചേര്‍ന്നാണ് പഴയ വിക്രത്തിന്‍റെ തിരക്കഥ രചിച്ചത്. കമലിനൊപ്പം സത്യരാജ്, ലിസി, ഡിംപിള്‍ കപാഡിയ, അംജദ് ഖാന്‍, ചാരുഹാസന്‍, ജനകരാജ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാജശേഖര്‍ ആയിരുന്നു സംവിധാനം. വി രംഗ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം പകര്‍ന്നത് ഇളയരാജ ആയിരുന്നു.