കോഴിക്കോട്: വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ റിട്ടയേർഡ് അധ്യാപകൻ മാത്യു എന്ന മത്തായി (60) മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയില്‍ നിന്ന് കണ്ടെത്തി. ലോഡിംഗ് തൊഴിലാളികളും റസ്ക്യൂ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളില്‍ തുടർച്ചായി 9 തവണ ഉരുള്‍പൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലില്‍ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. തീരത്തെ 12 വീടുകള്‍ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തകർന്നിരുന്നു.
ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു കുളത്തിങ്കല്‍ മാത്യു എന്ന മത്തായി. അപകടത്തില്‍ പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റർ നീളത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. വിലങ്ങാട് ടൗണില്‍ കടകളില്‍ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. ഇതോടെ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. ദേശീയ ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികള്‍ക്ക് നേതൃത്വം നല്കി. തുടർച്ചയായ ദിവസങ്ങളിലെ ഉരുള്‍ പൊട്ടലില്‍ ആശങ്കയിലാണ് കോഴിക്കോട് വിലങ്ങാട് പ്രദേശം. രണ്ട് ദിവസത്തിനിടെ 10 തവണ ഇവിടെ ഉരുള്‍ പൊട്ടി. ഇന്നലെ വൈകീട്ട് അടിച്ചി പാറയിലാണ് വീണ്ടും ഉരുള്‍ പൊട്ടിയത്. പ്രദേശവാസികള്‍ വിലങ്ങാട് മേഖലയില്‍ വാട്സാപ്പിലൂടെ മുന്നറിയിപ്പ് നല്കിയതിനാല് ആളപായം ഒഴിവായി. സന്ദർശനത്തിന് എത്തിയ കലക്ടർ സ്നേഹില്‍ കുമാർ അടക്കമുള്ളവർ പ്രദേശത്ത് അര മണിക്കൂറോളം കുടുങ്ങി. രക്ഷാ പ്രവർത്തകർ എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തകർന്ന റോഡുകളും പാലങ്ങളും അറ്റകുറ്റ പണി നടത്തി നന്നാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.