എന്നെ വിറ്റെങ്കിലും ഞാൻ നിങ്ങളുടെ കാശ് തിരിച്ചു തരും! ആൻസിയുടെ വാക്കിനു മുന്നിൽ രണ്ടു തവണ തോറ്റു പോയവൻ ! നിസ്സഹായനായി അന്തിമവിധിയേറ്റുവാങ്ങുന്ന ഒരു ടിപ്പിക്കൽ ഗാങ്സ്റ്റർ പ്രതിനായകൻ : വില്ലനിലൂടെ നായകനെ പ്രതിഷ്ഠിച്ച തമ്പി കണ്ണന്താനത്തിന്റെ വിൻസന്റ് ഗോമസിനെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു

ഇരുപതാം നൂറ്റാണ്ട്

Advertisements
ജിതേഷ് മംഗലത്ത്

തോറ്റുപോയവനായിരുന്നു അയാൾ;അടിമുടി തോറ്റുപോയവൻ.സർവ്വഗുണസമ്പന്നരും,നന്മയുടെ വിളനിലങ്ങളുമായിരുന്ന നായകന്മാരിൽ നിന്നും പ്രകാശവർഷങ്ങളകലെയായിരുന്നു അയാൾ.ഓ,അല്ലെങ്കിലുമയാൾ നായകനായിരുന്നില്ലല്ലോ..കഥാന്ത്യത്തിൽ നായികയുടെ ഭർത്താവിന് ജീവിക്കാൻ വേണ്ടി പടുമരണമേറ്റു വാങ്ങുന്ന,മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തിൽ അവളുടെ കുഞ്ഞിന്റെയച്ഛനെ കൊല്ലാനായിരുന്നു താൻ തോക്കു ചൂണ്ടിയതെന്ന് തിരിച്ചറിയുന്ന,ഉടലിനെ ഉലയാക്കിയ തന്റെ പ്രതികാരദാഹം മാത്രകൾ കൊണ്ട് ഘനീഭവിപ്പിച്ച പ്രണയത്തെ അംഗീകരിക്കുന്ന, നിസ്സഹായനായി അന്തിമവിധിയേറ്റുവാങ്ങുന്ന ഒരു ടിപ്പിക്കൽ ഗാങ്സ്റ്റർ പ്രതിനായകനാണല്ലോ അയാൾ!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയാൾ-വിൻസന്റ് ഗോമസ്-വിചിത്രമായ ഒരു അടയാളത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് എനിക്കു തോന്നാറുണ്ട്.മലയാളത്തിലെ എക്കാലത്തെയും ഏറ്റവും താരമൂല്യമുള്ള ഒരു നായകനെ ആ സ്ഥാനത്തേക്ക് രാജാവിന്റെ മകൻ പ്രതിഷ്ഠിക്കുന്നത് തോൽവിയിലൂടെയും,മരണത്തിലൂടെയുമാണ്.സർവ്വവിജയിയായ ഒരു നായകനല്ല മോഹൻലാലിന്റെ സൂപ്പർസ്റ്റാർഡത്തിന് അടിത്തറയിടുന്നതെന്ന നിരീക്ഷണം കൗതുകകരമാണ്.പരാജയപ്പെട്ട ആ പ്രതിനായകനായിരുന്നു ലാലിന്റെ അസൂയാവഹമായ സ്റ്റാർഡത്തിന്റെ യഥാർത്ഥ ഇൻവെസ്റ്റ്മെന്റ്.അടിമുടി ആൽഫാമെയിലായിട്ടുള്ള സ്വത്വം പേറുമ്പോഴും,പിൽക്കാലത്ത് അയാൾ തന്നെ ഒരുപാടുതവണ കെട്ടിയാടിയിട്ടുള്ള മാച്ചോ നായകന്മാർക്ക്-നമ്മുടെ നായകസങ്കല്പങ്ങൾക്കു തന്നെയും-ചേരാത്ത വിധം തോറ്റുകൊണ്ടാണ് വിൻസന്റ് ഗോമസ് ഐക്കണിക്കായി മാറുന്നത്.

വിൻസന്റ് ഗോമസ് തോറ്റുതുടങ്ങുന്നത് ആൻസിയുടെ മുമ്പിലാണ്.അന്നോളം അയാൾ കണ്ടു ശീലിച്ച ആൾക്കാരിൽ നിന്നും എത്രത്തോളം വ്യത്യസ്തയാണ് ആത്മാഭിമാനം പേറുന്ന പെണ്ണെന്ന് അയാൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതും അവിടെ നിന്നാണ്.
വിന്‍സന്റ് ഗോമസ്: “വിന്‍സന്റ് ഗോമസിന്റെ കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങി പബ്ലിക് പ്രോസിക്യൂട്ടറെ ചതിച്ച നിനക്ക് ആര് ജോലി തരാന്‍?’
ആന്‍സി: “എന്നെ വിറ്റെങ്കിലും ഞാൻ നിങ്ങളുടെ കാശ് തിരിച്ചു തരും”

ആൻസിയുടെ ആ ചങ്കൂറ്റത്തിനു മുന്നിലാണ് അയാൾ തോൽവിയുടെ ആദ്യചവർപ്പുനീർ നുണയുന്നത്.പിന്നീട് അധോലോകങ്ങളുടെ രാജകുമാരൻ എന്ന് ഉയർത്തിപ്പിടിച്ച ശിരസ്സോടെ,ഉറച്ച ശബ്ദത്തിൽ,തീ പോലെ തിരശ്ശീലയെ പൊള്ളിക്കുന്ന ശരീര ഭാഷയിൽ സ്വയം വിശേഷിപ്പിക്കുന്ന അയാൾ തൊട്ടടുത്ത നിമിഷം ഒരു രാത്രി പോലും ലഭിക്കാത്ത സ്വസ്ഥമായ ഉറക്കത്തെപ്പറ്റി പരിതപിക്കുന്നുണ്ട്.വീണുപോയ,മുങ്ങിത്താഴാറായ അഴുക്കുചാലിൽ നിന്നും കരകയറാനായിക്കൂടിയാണ് അയാൾ ആൻസിയോട് പ്രണയാഭ്യർത്ഥന നടത്തുന്നത്.അവളുടെ മൗനത്തോട് അയാളുടെ ദൈന്യതയാർന്ന നോട്ടത്തിൽ വെറുമൊരു ഡോണല്ല അടയാളപ്പെടുന്നത്;ഭൂമിയോളം താണ,പരാജയത്തിന്റെ പടുകുഴിയിലേക്കു പതിക്കുന്ന ദുർബലനായൊരു മനുഷ്യനാണ്.അവളുടെ നിരാസമായ തലയാട്ടലിൽ,തനിക്കൊരു മകനെത്തരില്ലേ എന്ന യാചനയിൽ പരാജയപ്പെടുമ്പോൾ അയാൾ വീണ്ടും തോൽക്കുകയാണ്,സ്വന്തം ചോര കുതിർന്ന പാഴ് മണ്ണിന്റെ മണമയാളറിയുകയാണ്,സെമിത്തേരിയിലേക്കുള്ള ശവമഞ്ചത്തിന്റെ യാത്രാശബ്ദം അയാൾ കേൾക്കുകയാണ്.വിൻസന്റ് ഗോമസ് മരിച്ചു വീഴുന്നത് രണ്ടു തവണയാണ്;രണ്ടു തവണയും അയാൾക്കു നേരെ നിറയൊഴിക്കുന്നത് ആൻസിയുടെ വാക്കുകളാണു താനും.

രാജാവിന്റെ മകൻ വായിക്കപ്പെടുന്നത് സിരകളെ ത്രസിപ്പിക്കുന്ന,എൺപതുകളിലെ ഏറ്റവും റിവറ്റിംഗായ ഒരു ഗാങ്സ്റ്റർ എന്റർടെയിനറായി മാത്രമാണ് എന്നുള്ളത് ഡെന്നീസ് ജോസഫിനേയും,തമ്പി കണ്ണന്താനത്തേയും അവമതിക്കുന്നതിനു തുല്യമാണ്.ഒറ്റ നോട്ടത്തിൽ ഒരു പ്രസ് ഫോട്ടോഗ്രാഫറെ താനെടുത്ത ഫിലിം റോൾ നശിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന,ഐക്കണിക്കായിട്ടുള്ള ഒരു പിടി സംഭാഷണങ്ങളുള്ള,സ്ക്രീൻ പ്രസൻസിൽ
അന്നുവരെ മോളിവുഡ് കണ്ടിട്ടുള്ള നായകസങ്കല്പങ്ങളെയൊക്കെ അതിലംഘിക്കുന്ന ഒരു മസാല മൂവിയായിരിക്കെത്തന്നെ,ജയിക്കാൻ വേണ്ടി മാത്രം കളിക്കുമ്പോഴും തോറ്റുപോകുന്ന അപ്പോഴും വിചിത്രമാം വിധം ജയിക്കുന്ന ഒരപൂർവ്വകഥാപാത്രമാണ് വിൻസന്റ് ഗോമസ്.

PS:രാജാവിന്റെ മകനിലെ കഥാസന്ദർഭങ്ങളിലുൽപാദിപ്പിക്കപ്പെടുന്ന സ്വാഗ് നിമിഷങ്ങളേതിനേക്കാളും വലിയ സ്വാഗാണ് അതിന്റെ അണിയറക്കഥകളെക്കുറിച്ച് ഡെന്നീസ് ജോസഫ് പറയുമ്പോൾ ഉണ്ടാകുന്നത്.

രാജാവിന്റെ മകന്റെ കഥ തമ്പി കണ്ണന്താനം ആദ്യം പറയുന്നത് അന്ന് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഒരു നടനോട് ആയിരുന്നു..മൂന്ന് സിനിമകൾ എടുത്ത് പരാജയപ്പെട്ട തമ്പി കണ്ണന്താനത്തിനോട് ‘പോയി സംവിധാനം പഠിച്ചിട്ട് വരൂ’ എന്നാണ് അന്ന് ആ നടൻ പറഞ്ഞത്..അന്ന് ആ നടന്റെ മുഖത്ത് നോക്കി തമ്പി കണ്ണന്താനം തിരിച്ച് പറഞ്ഞത് ”ഞാനിത് അവനെ വെച്ച് ചെയ്യും, ആ സിനിമ വന്ന് കഴിഞ്ഞാൽ പിന്നെ അവന്റെ താഴെയായിരിക്കും നിന്റെ സ്ഥാനം” എന്നും..
ആന്റ് ദെൻ റോസ് ദി സൂപ്പർസ്റ്റാർ;ദി പ്രിൻസ്;ദി എൽ ❤️🔥

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.