ദുബായ്: ഐസിസി ചാമ്ബ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.നാളെ ദുബായ് ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാൻഡാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും എതിരാളികള്‍. നേരത്തെ തന്നെ രണ്ട് ടീമുകളും സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ നാളെ വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് ചാമ്ബ്യൻമാരാവാൻ സാധിക്കും. രണ്ട് ടീമുകളും വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും ദുബായില്‍ കളത്തില്‍ ഇറങ്ങുന്നത്.
ഈ മത്സരത്തില്‍ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോർഡാണ്. കിവീസിനെതിരെ കളത്തിലിറങ്ങുന്നതോടെ ഏകദിനത്തില്‍ 300 മത്സരങ്ങള്‍ പൂർത്തിയാക്കാൻ കോഹ്ലിക്ക് സാധിക്കും. ഇതിന് പിന്നാലെ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത നേട്ടവും കോഹ്ലിക്ക് തന്റെ പേരില്‍ എഴുതി ചേർക്കാൻ കഴിയും. 300 ഏകദിനവും, 100 വീതം ടെസ്റ്റ്, ടി-20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമാവാനുള്ള അവസരമാണ് കോഹ്ലിക്ക് മുന്നിലുള്ളത്. ഇതിനോടകം തന്നെ 299 ഏകദിനവും 123 ടെസ്റ്റുകളും 125 ടി-20യുമാണ് വിരാട് കളിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2008ല്‍ ശ്രീലങ്കക്കെതിരെയാണ് കോഹ്ലി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2010ല്‍ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാവാനും വിരാടിന് സാധിച്ചു. പിന്നീടങ്ങോട്ട് ഐതിഹാസികമായ ഒരു ക്രിക്കറ്റ് യാത്രയാണ് കോഹ്ലി ഏകദിനത്തില്‍ നടത്തിയത്. ചാമ്ബ്യൻസ് ട്രോഫിയില്‍ പാകിസ്താനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടി മിന്നും പ്രകടനമായിരുന്നു കോഹ്ലി നടത്തിയിരുന്നത്. മത്സരത്തില്‍ 111 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് കോഹ്ലി നേടിയത്. ഏഴ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഏകദിനത്തിലെ തന്റെ 51ാം സെഞ്ച്വറിയായിരുന്നു കോഹ്ലി നേടിയിരുന്നത്.
മത്സരത്തില്‍ ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സ് പൂർത്തിയാക്കാനും കോഹ്ലിക്ക് സാധിച്ചിരുന്നു. മാത്രമല്ല ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് പൂർത്തിയാക്കുന്ന താരമായും കോഹ്ലി മാറി. 287 ഇന്നിംഗ്സുകളില്‍ നിന്നുമാണ് 14,000 ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറെ മറികടന്നുകൊണ്ടാണ് കോഹ്ലി ഈ റെക്കോർഡിലേക്ക് നടന്നുകയറിയത്. സച്ചിൻ 350 ഇന്നിംഗ്സുകളില്‍ നിന്നുമാണ് 14,000 റണ്‍സ് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് കോഹ്ലി. ലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം.