ബംഗളൂരു : കളിയുടെ കാര്യത്തിലായാലും ആരാധക പിന്തുണയിലായാലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു കിങാണ് വിരാട് കോലി. ഇന്ത്യയില്‍ ഏത് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയാലും വിരാടിനെ കിങ് കോലി എന്നല്ലാതെ ആരാധകര്‍ വിശേഷിപ്പിക്കാറുമില്ല. എന്നാല്‍ ഇനിമുതല്‍ തന്നെ കിങ് എന്ന് വിളിക്കരുതെന്ന് തുറന്നു പറയുകയാണ് ഒടുവില്‍ കോലി. ഇന്നലെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് ചടങ്ങില്‍ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെയും ആർസിബി വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെയും സാക്ഷി നിര്‍ത്തിയാണ് ആരാധകരോട് കോലി ഈ അഭ്യര്‍ത്ഥന നടത്തിയത്.
അവതാരകനായ ഡാനിഷ് സേഠ് കോലിയെ കിംഗ് കോലിയെന്ന് വിശേഷിപ്പിച്ചിരുന്നു. പിന്നീട് കോലി സംസാരിക്കാനായി മൈക്ക് കൈയിലെടുത്തപ്പോള്‍ ആരാധകര്‍ കിങ് കോലിയെന്ന് വിളിച്ച് ഹര്‍ഷാരവം മുഴക്കുകയും ചെയ്തു. ആരാധകരുടെ ആരവം കാരണം ആദ്യം സംസാരിക്കാന്‍ പോലും കഴിയാതിരുന്ന കോലി ഒടുവില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ പറഞ്ഞത്, ചെന്നൈയുമായുള്ള മത്സരത്തിനായി ഞങ്ങള്‍ ചെന്നൈയിലേക്ക് പോകേണ്ടതുണ്ട്. അതിനുള്ള ചാര്‍ട്ടേഡ് വിമാനത്തിന്‍റെ സമയമായതിനാല്‍ അധികം സമയം കളയാനില്ല, ഡാനിഷ് സേഠിനോടും നിങ്ങളോടും എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് നിങ്ങള്‍ എന്നെ ഇനി ആ പേര് വിളിക്കരുത്. ഓരോ തവണ കേള്‍ക്കുമ്ബോഴും വലിയ നാണക്കേട് തോന്നുന്നു. അതുകൊണ്ട് എന്നെ വിരാട് എന്നു മാത്രം വിളിക്കുക എന്നായിരുന്നു ചിരിച്ചുകൊണ്ട് ഡാനിഷ് സേഠിനോടും ആരാധകരോടുമുള്ള കോലിയുടെ അഭ്യര്‍ത്ഥന.