സെഞ്ചുറിയെന്ന സിംഹാസനം മറന്ന് കിങ്ങ് കോഹ്ലി ; 2019 ൽ ആരംഭിച്ച അനിശ്ചിതത്വം അവസാനിക്കുന്നില്ല ; വിരാഡ രൂപത്തിലേക്ക് വിരാടെത്താൻ ഇനിയും കാത്തിരിക്കണം ; തകരാറിലായ റൺ മെഷീനിന് മുന്നിൽ നിറകണ്ണുകളോടെ ആരാധക ലോകം

സ്പോർട്സ് ഡെസ്ക് : രാജാവ് നഗ്നനായാൽ തുറന്ന് പറയുവാൻ കഴിയുന്ന ജനതയാവണം രാജ്യത്തിന് അഭികാമ്യം. അത് മാറ്റത്തിന്റെ മാറ്റൊലി തീർക്കുവാൻ ഉതകുന്ന പുതിയ കാലത്തിന്റെ പരിച്ഛേദമെന്ന് കേരളക്കര പറഞ്ഞു തുടങ്ങിയിട്ട് കാലം ഏറെ അതിക്രമിച്ചിരിക്കുന്നു. ഇന്ന് ക്രിക്കറ്റ് ലോകവും ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വിഷയമാണിത്. നാട് ഭരിക്കുന്ന രാജാവിൽ നിന്നും ക്രിക്കറ്റ് ലോകം ഭരിക്കുന്ന രാജാവിലേക്കുള്ള അന്തരം മാത്രമാണ് ആകെയുള്ള വ്യത്യാസം.

Advertisements

ക്രിക്കറ്റ് ലോകത്ത് ഇന്ത്യൻ ആരാധകർക്കിടയിൽ കിങ്ങ് കോഹ്ലിയെന്ന് വിശേഷണത്തിന് അർഹനായ വിരാട് കോഹ്‌ലിയെ സംബന്ധിക്കുന്ന ചർച്ചയാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ചൂട് പിടിപ്പിക്കുന്ന വിഷയം. ക്രിക്കറ്റ് ലോകത്തെ രാജാവായി വിശേഷിപ്പിക്കപ്പെട്ട കോഹ്‌ലി. ഒരു ഘട്ടത്തിൽ സച്ചിന്റെ റെക്കോർഡുകൾ പോലും 150 ന് മുകളിൽ പാഞ്ഞെത്തുന്ന പന്തിനെ അടിച്ചകറ്റും പോലെ ശരവേഗത്തിൽ അടിച്ചകറ്റുമെന്ന് കരുതിയിരുന്ന കാലം. എന്നാൽ വസ്തുതകൾ നേരെ വിപരീതമായിരുന്നു. ഇന്ത്യയുടെ റൺ മെഷീന് എന്താണ് സംഭവിച്ചത്. കുത്തിയുയർന്ന് വരുന്ന ഓരോ പന്തിനേയും ജീവ ശ്വാസം പോലെ ഹൃദയത്തിൽ ആവാഹിച്ച ഇന്ത്യൻ ആരാധക വൃന്തത്തിന് നിരാശയുടെ തീരാക്കടലാണ് കോഹ്ലി സമ്മാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2019 ന് ശേഷം ഒരു സെഞ്ചുറി പോലും നേടുവാൻ താരത്തിന് കഴിഞ്ഞില്ല. സച്ചിന്റെ 100 സെഞ്ചുറികൾ തകർക്കപ്പെടുമെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ നിമിഷങ്ങളിൽ നിന്നും ഇന്ത്യയുടെ ക്രിക്കറ്റ് മെഷീൻ തകരാറിലാവുകയായിരുന്നു. യന്ത്രങ്ങളിൽ ഗ്രീസ് നിറച്ച് പ്രവർത്തനം സുഗമമാക്കുന്നത് പോലെ അവസരങ്ങൾ ഒട്ടനവധി തേടിയെത്തിയിട്ടും റൺ മലയുടെ കുന്നിലേക്ക് ഓടിക്കയറുവാൻ വിരാടിന് കഴിഞ്ഞില്ല. വിവാദങ്ങക്കും കുറ്റം പറച്ചിലുകൾക്കും ഒടുവിൽ ക്യാപ്റ്റനെന്ന അമിത ഭാരത്തെ താങ്ങി ഇറക്കുമ്പോഴും ഇന്ത്യൻ സിലക്ടർമാർ ഉന്നയിച്ച വാദം മെഷീനെ തകരാറുകളിൽ നിന്നും നന്നാക്കിയെടുത്ത എല്ലാം തികഞ്ഞ മെക്കാനിക്കിന്റെ വാക്ചാതുര്യത്തെ വെല്ലുന്നതായിരുന്നു. തന്റെ കരവിരുതിൽ ഊന്നിയ വർഷങ്ങളായി തുരുമ്പെടുത്ത് കിടന്ന എന്തോ ഒന്നിനെ സാധ്യമാക്കിയെടുത്തതിന്റെ സന്തോഷം അവർക്കൊപ്പം ആരാധകരും പങ്ക് വച്ചു. എന്നാൽ അവിടെയും പ്രശ്നങ്ങൾ അവസാനിച്ചില്ല.

ഒഴിവാക്കപ്പെടേണ്ടുന്ന പന്തുകളേയും മൃഗീയമായി നേരിട്ടൊതുക്കേണ്ടുന്ന പന്തുകളേയും തിരിച്ചറിയുവാൻ കോഹ്ലി എങ്ങനെയാണ് മറന്നത്. പ്രായം സച്ചിനെ തളർത്താതെ ഇന്നും വീറോടെ നിലനിർത്തുമ്പോൾ സച്ചിന്റെ പിൻ തലമുറക്കാരൻ എന്ന് ലോകം വാഴ്ത്തിയ വിരാടിന് പിഴച്ചതെവിടെയാണ്.

ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി കിലോമീറ്ററുകൾ വേഗത്തിൽ പാഞ്ഞടുക്കുമ്പോഴും ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ് കാൽ മുന്നോട്ട് ഊന്നി ഫ്രണ്ട് ഫുട്ടിലും , ഉൾവലിഞ്ഞ് തലോടലോടെ പന്തുകളെ കൈക്കുഴകളിൽ തിരിച്ചു വിടുന്ന മനോഹരമായ ബാക്ക് ഫുട്ട് ഷോട്ടുകൾക്കുമായി . സമരങ്ങളുടെ ഈ പെരുമഴക്കാലത്ത് സമര മുഖത്തിറങ്ങിയ കോഹ്ലിയുടെ എം ആർ എഫ് സ്പോർ സേൺസ് ബാറ്റിന് സമരമവസാനിപ്പിച്ച് സമവായത്തിലെത്തുവാനുള്ള കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മനോഹരമായ കവർ , സ്ട്രെയിറ്റ് ഡ്രൈവുകളിൽ ബൗളർമാരുടെ പോലും കരഘോഷത്താൽ പന്തുകൾ അതിർത്തി വരകളെ ചുംബിച്ചും ഉയർന്ന് പൊങ്ങിയും പാറിപ്പറക്കുന്ന അസുലഭ നിമിഷത്തിന്റെ പ്രേമലേഖനവുമായി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധക ലോകത്തെ സാറാമ്മമാരും കേശവൻ നായർമാരും . ബഷീറിന്റെ എഴുത്ത് ലോകത്തെ പ്രണയത്തിന്റെ അവിസ്മരണീയത പോലെ മൂർച്ചയേറിയ പന്തുകളെ സ്പർശനത്താൽ ചുംബിച്ചുറക്കുന്ന വിരാട് മാന്ത്രികതയ്ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .

അതിർ വര താണ്ടുമ്പോൾ സച്ചിൻ വിളിക്കൊപ്പമെത്തിയില്ലെങ്കിൽ പോലും വിരാട് ….. വിരാട് ……എന്ന വിളിക്കായി പച്ചപ്പ് നിറഞ്ഞ പുൽ മൈതാനങ്ങൾ പോലും ഒരു വേള ആശിച്ചിട്ടുണ്ടാകില്ലേ. മിസ്റ്റർ കിങ് കോഹ്ലി നിങ്ങൾ ഇതല്ല…….. ഇങ്ങനെയാകുകയുമരുത്….. പച്ചപ്പ് നിറഞ്ഞ ആ ചെറിയ ലോകത്തിന്റെ അതിർവരമ്പുകൾക്കപ്പുറം നിങ്ങൾ അടിച്ചകറ്റുന്ന പന്തുകൾക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്……

Hot Topics

Related Articles