വിമര്‍ശന മുനയേറ്റ് വീണുപോകുന്നവനല്ലവന്‍ ; പിതാവിന്റെ ചിതയെരിഞ്ഞെടങ്ങി പട്ടടയില്‍ തണുപ്പേറും മുന്‍പ് ബാറ്റേന്താന്‍ വിധിക്കപ്പെട്ടവന്‍ ; മരണവീട്ടില്‍ കണ്ണുനീരൊളിപ്പിച്ച് ഡ്രസിംഗ് റൂമില്‍ പൊട്ടിക്കരഞ്ഞവന്‍ ; വീരനായ വിരാട് തോറ്റു പോകില്ല

സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : കാലുറയ്ക്കുന്ന കാലത്തിന് മുന്‍പെ പിച്ച വെച്ച് നടക്കുവാന്‍ കൈപിടിച്ച് കൂടെ നടന്നയാള്‍, ഉള്ളം കൈയില്‍ ചേര്‍ത്ത് പിടിച്ച് കരുത്ത് പകര്‍ന്ന കുട്ടിക്കാലത്തെ ഹീറോ…ഏതൊരാള്‍ക്കും അച്ഛനെന്ന വികാരം അത്രമേല്‍ പ്രിയങ്കരമായിരിക്കണം. സ്വപ്‌നവും പ്രതീക്ഷയും അധ്വാനവും സ്വന്തം ജീവിതവും മക്കള്‍ക്കായി പകുത്തു നല്‍കുന്നയാള്‍. വാക്കുകള്‍ക്കപ്പുറമാണ് പലപ്പോഴും അമ്മയും അച്ഛനും പകര്‍ന്നു നല്‍കുന്ന സ്‌നേഹത്തിന്റെ ആഴം.

Advertisements

രംഗബോധമില്ലാത്ത കോമാളിയായെത്തുന്ന മരണം പലപ്പോഴും മനുഷ്യനെ നിസ്സാരനാക്കാറുണ്ട്. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനാകാതെ വിറങ്ങലിച്ച മനസ്സുമായി ദിവസങ്ങളോളം മനുഷ്യന്‍ ശൂന്യമായ മനസ്സുമായി അലഞ്ഞെന്നും വരാം. പക്ഷേ ജന്മം തന്ന സ്വന്തം പിതാവിന്റെ മരണത്തിന് മുന്നിലും തന്റെ ഉത്തരവാദിത്വത്തങ്ങള്‍ കൃത്യമായി നിറവേറ്റി കലങ്ങി മറിയുന്ന മനസ്സുമായി കരുത്തോടെ നിലയുറപ്പിക്കാന്‍ എത്രപേര്‍ക്ക് കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അച്ഛന്‍ മരിച്ച് സംസ്‌ക്കാരം കഴിഞ്ഞ പിറ്റേ ദിനം തന്നെ ബാറ്റേന്തുവാന്‍ വിധിക്കപ്പെട്ട , അല്ലെങ്കില്‍ ,്സ്വയം തയ്യാറായ ഒരു മനുഷ്യന്റെ മനസ്സിനെ എന്ത് ആശ്വാസ വാക്കിന്റെ അകമ്പടിയോടെയാണ് നാം ചേര്‍ത്തുപിടിക്കേണ്ടുന്നത്. തിരയടിച്ചുയരുന്ന സങ്കടക്കടല്‍ ഉള്ളില്‍ ആര്‍ത്തിരമ്പുമ്പോഴും ചുരുട്ടിപ്പിടിച്ച കൈയില്‍ ബാറ്റേന്തി ഇമ വെട്ടാതെ കണ്ണു തെല്ലൊന്ന് നിറയാതെ നൂറ് കിലോമീറ്ററുകള്‍ക്കപ്പുറം വേഗതയില്‍ വരുന്ന പന്തുകളെ ഒരാള്‍ക്ക് നേരിടാന്‍ കഴിയുന്നുണ്ട് എങ്കില്‍ അവന്റെ പേര് വിരാട് എന്നായിരുന്നില്ലങ്കിലേ അത്ഭൂതപ്പെടാന്‍ തരമുള്ളു…

അതു തന്നെയാണ് സത്യവും. വിരാട് എന്നത് വെറും നാമവിശേഷണത്താല്‍ അവസാനിപ്പിക്കേണ്ടുന്ന ഐഡന്റിറ്റ്ി മാത്രമാകുന്നില്ല. അത് പേര് പോലെ തന്നെ സര്‍വ വ്യാപിയായ ശക്തി തന്നെയാണ്. സ്വന്തം നിയോഗത്തെ കരഞ്ഞ് തീര്‍ക്കുവാന്‍ അനുവദിക്കാതെ പോരാടാനിറങ്ങിയ പോരാളിയുടെ പേര് കൂടിയാണത് കോഹ്ലി….. വിരാട് കോഹ്ലി……ഒരു പക്ഷേ തന്റെ മകന്‍ ജനിച്ച ശേഷം അവന് പേരിടുന്ന ഘട്ടത്തില്‍ അച്ഛന്റെ മനസ്സില്‍ ദീര്‍ഘവീക്ഷണത്തോടെ കയറിക്കൂടിയ പേര് കൂടിയാകാം അത്.

പിതാവ് മരണപ്പെട്ട് ശേഷം വീട്ടിലെത്തിയെങ്കിലും കരയാനോ വൈകാരികമായി പെരുമാറാനോ അവന്‍ തയ്യാറായില്ല. കുടുംബാംഗങ്ങളില്‍ പലര്‍ക്കും ഇത് കണ്ട് വളരെ അത്ഭുതമായിരുന്നു. എന്നാല്‍ തളര്‍ന്ന് പോകാതിരിക്കാന്‍ അവന്‍ ശ്രമിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നു പിറ്റേന്ന് തന്നെ അടുത്ത മത്സരത്തിനായി ടീമിന്റെ ഭാഗമാകണം. മറ്റൊന്ന് അവന് ചിന്തിക്കേണ്ടി വന്നില്ല.
പിറ്റേന്ന് മത്സരത്തിന് പോകാന്‍ അവന്‍ തയ്യാറെടുത്തു. കളിക്കാന്‍ പോകാന്‍ ഉറപ്പിച്ചോയെന്ന് ബന്ധുക്കള്‍ ചോദിച്ചു. കളിക്കാന്‍ പോകാനായിരുന്നു അവനോട്് മനസ് പറഞ്ഞത്. വീട്ടിലെല്ലാവരും മാനസികമായി തളര്‍ന്നിരുന്നപ്പോഴും മുന്നോട്ട് പോകാന്‍ അവന്റെ മനസ്സ് പറഞ്ഞു. പിന്നീട് മത്സരത്തിനായി എത്തിയപ്പോള്‍ ഡ്രസിങ് റൂമിലെത്തി അടുത്ത സുഹൃത്തുക്കളിലൊരാളോട് സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞു. പറയാതിരിക്കുവാന്‍ അവന് കഴിഞ്ഞില്ല എന്നതാണ് സത്യം.

എന്നാല്‍ സുഹൃത്ത് ടീമിലെ മറ്റുള്ളവരോട് സംഭവം തുറന്നു പറഞ്ഞു. എന്നാല്‍ ടീമിലെ മറ്റുള്ളവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതോടെ അതുവരെ അവന്റെ മനസ്സില്‍ അടക്കിവെച്ച സങ്കടം പുറത്തേക്ക് വന്നു.നിലതെറ്റി പൊട്ടിക്കരഞ്ഞു കൊണ്ട് അവന്‍ ഡ്രസിംഗ് റൂമില്‍ ഇരുന്നു. മത്സരത്തില്‍ പുറത്തായി തിരിച്ചെത്തിയ ശേഷം മുതല്‍ അയാള്‍ വളരെ നിരാശനായിരുന്നു. എല്ലാവരും കുടുംബത്തെയോര്‍ത്തുള്ള നിരാശയാണെന്നാണ് കരുതിയത്. എന്നാല്‍ അംപയറുടെ തെറ്റായ തീരുമാനംകൊണ്ട് പുറത്തായതിന്റെ നിരാശയായിരുന്നു അയാള്‍ക്ക്. അച്ഛന്റെ മരണത്തിലും തളര്‍ന്നിരിക്കാതെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതിന് കാരണം അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ തന്നെയായിയിരുന്നു. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശവും.

വിരാട് ദേശീയ ടീമിനായി കളിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛന്‍ പ്രേം കോഹ്ലിയാണ്. തന്റെ പിതാവിനായി ഏറ്റവും മികച്ച പ്രകടനത്തോടെ വലിയ ക്രിക്കറ്റ് താരമാകണമെന്ന് ആ മകന്‍ ആഗ്രഹിച്ചു. ‘ സ്വന്തമായി കൂടുതല്‍ കരുത്തോടെ ജീവിതത്തില്‍ എനിക്ക് തീരുമാനങ്ങളെടുക്കേണ്ടി വന്നു. എന്റെ ഹൃദയത്തിനുള്ളില്‍ നിന്നുണ്ടായ പ്രചോദനം എത്രത്തോളം വലുതായിരുന്നുവെന്ന് പറയാനാവില്ല. എനിക്ക് മാത്രമാണ് അതിനെക്കുറിച്ച് അറിയാവുന്നത്. ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടുകളെ മറികടന്നും പല കാര്യങ്ങളെ മാറ്റിവെച്ചുമാണ് ഇതുവരെ എത്തിയത്. സുഹൃത്തുക്കളോടൊപ്പം കറങ്ങാന്‍ പോകാനോ മറ്റ് പരിപാടികള്‍ക്കോ പോകാതെയാണ് ക്രിക്കറ്റിലേക്ക് ശ്രദ്ധ നല്‍കിയത്. എപ്പോഴെങ്കിലും തളര്‍ന്ന് പോകുമ്പോള്‍ മനസില്‍ നിന്ന് ആരോ പറയാറുണ്ട് എഴുന്നേറ്റ് കൂടുതല്‍ കഠിനാധ്വാനം ചെയ്യൂ- കോലി ഒരിക്കല്‍ പറഞ്ഞു.

ഒരു പക്ഷേ തന്റെ മകന്റെ നല്ല കരിയര്‍ ആഗ്രഹിക്കുന്ന അച്ഛന്‍ തന്നെയാകും അയാളുടെ മനസ്സിനെ അത്തരത്തില്‍ നിയന്ത്രിക്കുന്നതും. കളിക്കളത്തില്‍ പലപ്പോഴും അക്രമാസക്തനായി മാറുന്ന കോഹ്ലിയെ നാം പലപ്പോഴും കണ്ടിട്ടുണ്ട് എന്നാല്‍ എന്ത് ഹൃദയവേദനയോടെയാകും അയാള്‍ തന്റെ അച്ഛന്‍ മരിച്ച പിറ്റേ ദിനത്തിലും ബാറ്റേന്തിയിട്ടുണ്ടാവുക.

70 അന്താരാഷ്ട്ര സെഞ്ച്വറിയില്‍ കോലി ബ്രേക്കിട്ടിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞിരിക്കുകയാണ്.വിമര്‍ശന ശരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അയാള്‍ക്ക് നേരെ പാഞ്ഞടുത്തുകൊണ്ടിരിക്കുകയാണ്. ഇനി അവന്‍ തിരിച്ച് വരില്ലന്ന് അലമുറയിടുന്ന എത്ര ക്രി്ക്കറ്റ് തമ്പുരാക്കന്‍മാര്‍ക്ക് അറിയാം അതികഠിനമായ കാലത്തും പ്രതീക്ഷയുടെ തുരുത്തുമായാണ് അയാള്‍ ബാറ്റേന്തിയത് എന്ന്. ചെറിയ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ പോലും ഒരു താരത്തിന്റെ ഒരു കളിയിലെ പെര്‍ഫോമന്‍സിനെ ബാധിക്കുമ്പോള്‍. ആടിയുലയുന്ന മനസ്സുമായി ബാറ്റേന്തിയ അയാള്‍ തന്നെയല്ലേ ഹീറോ….

അതെ അത് തന്നെയാണ് ശരി…കരിയര്‍ കഴിഞ്ഞെന്ന് കഴിവുകേടായി പറയുന്നവര്‍ കാത്തിരുന്നു തന്നെ കാണണം. കാലത്തെ തോല്‍പ്പിക്കുന്ന കാവ്യം തന്റെ ബാറ്റിനാലെഴുതി അയാള്‍ തിരിച്ചു വരിക തന്നെ ചെയ്യും….. അച്ഛന്റെ വിയോഗത്തിലും മനസ്സ് തളരാതെ പിതാവിന്റെ ആഗ്രഹ സാഫല്യത്തിനായി ബാറ്റെടുക്കുവാന്‍ തയ്യാറായ അയാള്‍ക്ക് ഒരിക്കലും തിരിച്ചു വരാതെയിരിക്കാന്‍ കഴിയില്ല…….തീര്‍ച്ച……
പ്രിയപ്പെട്ട വിരാട് നിങ്ങളുടെ സ്വപ്‌ന തുല്യമായ തിരിച്ചു വരവിനായി ഗാലറികള്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു…..മടങ്ങി വരിക…..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.