കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്‍റെ പകയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകള്‍ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസില്‍ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്‍റെയും പാനൂരില്‍ എത്തിയതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2022 ഒക്ടോബർ 22നായിരുന്നു സംഭവം. സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിച്ചിരിക്കെ വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി ശ്യാംജിത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു.