ആലപ്പുഴ: വിഷു കഴിഞ്ഞ ശേഷം കണികാണാൻ പോലും ഒരു തരി വെള്ളമില്ലാതെ വലഞ്ഞ് ആലപ്പുഴ കൈനകരി കുപ്പപ്പുറത്തെ നാട്ടുകാർ. കൈനകരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കുപ്പപ്പുറം പ്രദേശത്തെ നാട്ടുകാരാണ് ഒരു തരിവെള്ളമില്ലാതെ വലയുന്നത്. കഴിഞ്ഞ വിഷുക്കാലത്ത് ഇവിടെ വെള്ളം ലഭിച്ചതാണ്. ഇതിന് ശേഷം പ്രദേശത്ത് പൈപ്പ് വഴി വെള്ളം ലഭിക്കുന്നില്ല. നാട്ടുകാർ ചോദിക്കുമ്പോൾ പഞ്ചായത്തംഗങ്ങൾ അടക്കമുള്ളവർ ഓരോ പരാതി പറഞ്ഞ് ഒഴിയുകയാണ് പതിവ്. നിരവധി തവണ നാട്ടുകാർ ഈ വിഷയത്തിൽ പഞ്ചായത്തിനെ സമീപിച്ചെങ്കിലും മോട്ടോർ കേടാണ് എന്ന പതിവ് പല്ലവിയാണ് പറയുന്നത്. പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് വെള്ളമില്ലാത്തിന്റെ ദുരിതം അനുഭവിക്കുന്നത്. കിണറ്റിൽ വെള്ളമില്ലാത്തതിനാൽ വേനൽക്കാലത്ത് പുറത്ത് നിന്ന് വിലകൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയായിരുന്നു നാട്ടുകാർക്ക്. എന്നാൽ, ഇതുവരെയും പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ആറു മാസത്തോളമായി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി വെള്ളമെത്തിച്ചില്ലെങ്കിൽ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.