മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു സ്ഥാനമുറപ്പിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജുവിന്റെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്. ആവേശമുയർത്തി സഞ്ജുവിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.ലോകകപ്പ് ടീമില്‍ ഇടമുറപ്പിച്ചതിന് പിന്നാലെയാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം ഇന്‍ ബ്ലൂ’, എന്ന ക്യാപ്ഷനോടെ താരം സ്വന്തം ചിത്രം പങ്കുവെച്ചു. മോളിവുഡിലെ ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിലെ വരികളാണിത്. ഈ ഗാനം തന്നെ പശ്ചാത്തല സംഗീതമായി നല്‍കിയിട്ടുമുണ്ട്.സഞ്ജുവിന്റെ ഈ ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. താരത്തിന് അഭിനന്ദനമറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ’, ‘മലയാളി ഫ്രം ഇന്ത്യ’, ‘നിറങ്ങള്‍ മങ്ങുകില്ല കട്ടായം’, എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുള്ള കമന്റുകള്‍.