തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്നു. സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു.ബാരിക്കേഡ് മറികടന്ന് സമരക്കാര്‍ അകത്തേക്ക് കയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂ, പദ്ധതി തടസ്സപ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. കോടതി നിര്‍ദ്ദേശം മറികടന്നാണ് ഇന്നും സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമരം ശക്തമായി തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.
സമരത്തെത്തുടര്‍ന്ന് ആഗസ്ത് 16 മുതല്‍ വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞം സമരത്തില്‍ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്. എന്നാല്‍ സമരം ചെയ്യരുത് എന്ന് കോടതി പറഞ്ഞില്ലെന്നും അന്തിമ വിധിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി വ്യക്തമാക്കി.