തിരുവനന്തപുരം : വിഴിഞ്ഞം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാതായതില്‍ ദുരൂഹതയേറുന്നു. നരുവാമൂട് സ്വദേശി കിരണ്‍ കടലിന്റെ ഭാഗത്തേക്ക് ഓടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി കടലില്‍ വീണതാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഴിമലയിലെത്തിയ നരുവാമൂട് സ്വദേശി കിരണിനെയാണ് ശനിയാഴ്ച ഉച്ച മുതല്‍ കാണാതായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ ശേഷം കണ്ടിട്ടില്ലെന്നാണ് സുഹൃത്തുക്കളുടെ പരാതി. ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ ശേഷമുള്ള കിരണിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കടലില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള റോഡിലൂടെ കടലിന്റെ ഭാഗത്തേക്ക് ഓടുന്നതാണ് ദൃശ്യങ്ങളില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തപ്പോള്‍ രക്ഷപെടാനാവാം കിരണ്‍ ഓടിയത്. ഓടിയപ്പോള്‍ കടലിലേക്ക് വീണിരിക്കാമെന്നും പൊലീസ് കരുതുന്നു. ഏതാണ്ട് ഇതേ ഭാഗത്തെ കടലില്‍ നിന്നാണ് കിരണിന്റെ ചെരുപ്പ് ലഭിച്ചതും. ആ ഭാഗം കേന്ദ്രീകരിച്ച് മൂന്നാം ദിനവും തിരച്ചില്‍ തുടരുകയാണ്. കിരണിനെ കാണാതായതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയും കുടുംബവും ഒളിവില്‍ പോയി. ഇവരെ കണ്ടെത്താനുള്ള തിരച്ചിലും വിഴിഞ്ഞം പൊലീസ് തുടങ്ങിയിട്ടുണ്ട്.