മലപ്പുറം : വ്‌ളാഗര്‍ ജുനൈദിന്റെ മരണകാരണം രക്തസ്രാവത്തെ തുടര്‍ന്നുള്ള ശ്വാസതടസ്സമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജുനൈദിന് കണ്ണിന്റെ താഴ്ഭാഗത്തായി സാരമായി പരിക്കേറ്റിരുന്നു. തലയോട്ടിക്കും ചെറിയ പൊട്ടലുണ്ടായി. ഇതേ തുടര്‍ന്ന് മൂക്കിലേക്കും ശ്വാസനാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകട സ്ഥലത്ത് രക്തം വാര്‍ന്ന നിലയില്‍ ജുനൈദ് ഏറെ നേരം കിടന്നിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.20 ഓടെയായിരുന്നു ജുനൈദിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. കേസിന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് പോകുകയായിരുന്നു ജുനൈദ്. ഇതിനിടെ മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍വെച്ച് ജുനൈദിന്റെ ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.
റോഡിന് സമീപത്തുണ്ടായിരുന്ന മണ്‍കൂനയില്‍ ജുനൈദിന്റെ ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു. റോഡരികില്‍ കിടന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.കേസിന്റെ പശ്ചാലത്തലത്തില്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവിതകയുള്ളതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവിതയില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ജുനൈദിന്റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ജുനൈദ് അലക്ഷ്യമായാണ് വണ്ടിയോടിച്ചിരുന്നത്. ഇത് സംബന്ധിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.