ഗ്രിൻഡാവിക്: ഐസ്ലൻഡില് വൻ നാശം വിതച്ച് അഗ്നിപര്‍വത സ്ഫോടനം. ലാവ പൊട്ടി ഒഴുകിയതിനെ തുടര്‍ന്ന് ഗ്രിൻഡാവിക് നഗരത്തിലെ വീടുകള്‍ കത്തിനശിച്ചു. മുന്നറിയിപ്പിന് പിന്നാലെ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വൻ ദുരന്തം. പ്രദേശത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അഗ്നിപര്‍വത സ്ഫോടനമാണിത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. മത്സ്യബന്ധ തൊഴിലാളികള്‍ ഏറെയുള്ള നഗരത്തിലേക്കാണ് ലാവ കുതിച്ചെത്തിയത്. ഡിസംബറില്‍ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ തയ്യാറാക്കിയിരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഒരു പരിധി വരെ ലാവയെ തടഞ്ഞെങ്കിലും പൂര്‍ണമായി തടയാനായില്ല. ഇതോടെയാണ് വീടുകളിലേക്ക് ലാവയെത്തിയത്.
ലാവാ പ്രവാഹത്തിന് പിന്നാലെ നഗരത്തിലെ പ്രധാന പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ആളുകളോട് ഒരുമിച്ച് നില്കണമെന്നും അനുതാപ പൂര്‍വ്വം പെരുമാറണമെന്നും ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത ഐസ്ലാന്റ് പ്രസിഡന്റ് ഗഡ്നി ജോഹാന്‍സണ്‍ ആവശ്യപ്പെട്ടു. ഡിസംബറിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് ഐസ്ലാന്റില് അഗ്നിപര്‍വ്വത സ്ഫോടനം ആരംഭിച്ചത്. അഗ്നി പര്വ്വതത്തിന് ചുറ്റുമായി വലിയ ഭിത്തികള്‍ നിര്‍മ്മിച്ച് ലാവ തടയാന്‍ ഭരണകൂടം ശ്രമിച്ചിരുന്നുവെങ്കിലും പൂര്‍ണമായി സാധിച്ചിരുന്നില്ല. 4000യിരത്തോളം ആളുകളാണ് ഈ ചെറുനഗരത്തില്‍ താമസിക്കുന്നത്. അഗ്നി പര്‍വ്വത സ്ഫോടനത്തിന് പിന്നാലെ ഇവിടെ നിന്നുള്ള വിമാന സര്‍വ്വീസുകളും അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത നഗരമായ കെഫ്ളാവിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കഴിഞ്ഞ മാസത്തെ അഗ്നി പര്‍വ്വത സ്ഫോടനത്തിന് പിന്നാലെ നഗരം വിടേണ്ടി വന്നതിന് ശേഷം തിരികെ വന്നവര്‍ വീണ്ടും നഗരം വിടേണ്ട അവസ്ഥയിലാണ് നിലവിലുള്ളത്.