കോട്ടയം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർപട്ടിക സംക്ഷിപ്തമായി പുതുക്കുന്നു. 2024 ജനുവരി ഒന്നു യോഗ്യതതീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ. 2024 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് തികഞ്ഞവർക്കു പേരുചേർക്കാം.
നിലവിലെ വോട്ടർ പട്ടിക കരടായി ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഫോറം നാലിലും ഉൾക്കുറിപ്പ് തിരുത്താൻ ഫോറം അഞ്ചിലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽനിന്നോ സ്ഥാനമാറ്റം വരുത്താൻ ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകൻ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ/ ആക്ഷേപം സമർപ്പിക്കണം.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചോ പേര് ഒഴിവാക്കുന്നത് സംബന്ധിച്ചോ ഉള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷം അവയുടെ പ്രിന്റ് ഔട്ടിൽ അപേക്ഷകൻ ഒപ്പ് രേഖപ്പെടുത്തി നേരിട്ടോ തപാലിലൂടെയോ ഗ്രാമപഞ്ചായത്ത്/ നഗരസഭ സെക്രട്ടറിക്ക് ലഭ്യമാക്കണം. ഇപ്രകാരം അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 21 ന് വൈകിട്ട് 5 മണി വരെയാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.