ഇന്റർനാഷണൽ ഡസ്ക് : ലെബനനിലും സിറിയയിലും ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയുണ്ടായ പേജർ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ തിരിച്ചടിക്കാൻ ഒരുങ്ങി ഹിസ്ബുള്ള.ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ചാര സംഘടനയായ മൊസാദാണ് എന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്. ഹിസ് ബുള്ളിയിലെ അംഗങ്ങൾ ആശയവിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്.
എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ നേതൃത്വത്തിൽ പ്രത്യാക്രമണം ഉടൻ ഉണ്ടാകും എന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ 11 പേർ മരിക്കുകയും 3,000 ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.ചൊവ്വാഴ്ച വൈകീട്ട് 3.45 ഓടെയാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും സ്ഫോടന പരമ്പര അരങ്ങേറിയത്.ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പേജറുകളാണ് ഒരേസമയം രാജ്യത്തുടനീളം വിവിധ ഭാഗങ്ങളിൽ പൊട്ടിത്തെറിച്ചത്.