ചങ്ങനാശേരി: കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതിനെ തുടർന്ന്, ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ ജലനിരപ്പ് ഉയർന്നു തന്നെ തുടരുന്നു. എസി റോഡ്, നക്രാൽ പുതുവൽ, ഇരൂപ്പാ, മനയ്ക്കച്ചിറ, എസി കോളനി, കാക്കാംതോട്, വെട്ടിത്തുരുത്ത്, പറാൽ തുടങ്ങിയ മേഖലകളിലെ നിരവധി വീടുകൾ വെള്ളത്തിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി എസി റോഡിലൂടെയുള്ള ചങ്ങനാശേരി ആലപ്പുഴ ബസ് സർവ്വീസ് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ആലപ്പുഴയ്ക്ക് തിരുവല്ല ആമ്പലപ്പുഴ വഴി രണ്ട് സർവ്വീസ് ചങ്ങനാശേരി ഡിപ്പോയിൽ നിന്നും നടത്തുന്നുണ്ട്. മനയ്ക്കചിറ, എസി പ്ലാന്റ്, ഒന്നാംങ്കര എന്നിവിടങ്ങളിലാണ് ജലനിരപ്പ് കൂടുതൽ. ഡിപ്പോ അധികൃതർ റൂട്ടിൽ പരിശോധന നടത്തിയിരുന്നു. ജലനിരപ്പ് താഴുന്നതിനനുസരിച്ച് സർവ്വീസ് പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ, ചങ്ങനാശേരി നഗരസഭ ടൗൺ ഹാളിലാണ് താലൂക്കിലെ ക്യാമ്പ് പ്രവർത്തിക്കുന്നത്. രണ്ട് ദിവസം മുൻപ് ആരംഭിച്ച് ക്യാമ്പിൽ ആദ്യം ഇരുപ്പാ നിവാസികളായ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഇരുപ്പയിലെ മറ്റ് നിവാസികളും ക്യാമ്പിലെത്തി. നിലവിൽ 9 സ്ത്രീകളും 6 പുരുഷൻമാരും ഉൾപ്പെടെ ആകെ 15 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്. ഇവർക്കാവശ്യമായ സജ്ജീകരണങ്ങൾ നഗരസഭ ക്രമീകരിച്ചിട്ടുണ്ട്.