വയനാട്: ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നല്‍കിയില്ലെന്നാണ് പരാതി.
സംഭവം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവർത്തകർ ട്രൈബല്‍ ഡെവലപ്മെൻ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. സംഭവത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബല്‍ പ്രമോട്ടറെ സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ആംബുലൻസ് വേണ്ടിയിരുന്നത്. വാഹനം ലഭിക്കാതെ വന്നതോടെ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ രണ്ട് ആംബുലൻസാണ് ട്രൈബല്‍ ഓഫീസില്‍ ഉണ്ടായിരുന്നതെന്നും വൈകുന്നേരം ഇവ രണ്ടും ലഭ്യമായിരുന്നില്ലെന്നും പറഞ്ഞ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസർ, പുറത്ത് നിന്ന് ആംബുലൻസ് വിളിക്കാമായിരുന്നുവെന്നും എന്നാല്‍ ട്രൈബല്‍ പ്രൊമോട്ടർ ഇത് ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പ്രൊമോട്ടർക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് ട്രൈബല്‍ പ്രമോട്ടറെ കരുവാക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.