പുൽപ്പള്ളി: സ്വന്തം കൃഷിയിടത്തിലെ വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടുചേർന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുക ആയിരുന്നുവെന്നാണ് കരുതുന്നത്.
കൃഷിയിടത്തിലെ കുളത്തില്‍ മോട്ടർ സ്ഥാപിക്കുന്നതിനായാണ് ദമ്പതിമാർ ഇവിടേക്കെത്തിയത്. നടക്കുന്നതിനിടെ വൈദ്യുതവേലി മറികടന്നപ്പോള്‍ അബദ്ധത്തില്‍ കാല് തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃഷിയിടത്തിനുള്ളില്‍ ചെറിയ കുറ്റികള്‍ സ്ഥാപിച്ച് അതില്‍ നൂല്‍ക്കമ്പി കെട്ടിയാണ് വേലിയൊരുക്കിയിരുന്നത്. ഇതിലേക്ക് കെ.എസ്.ഇ.ബി.യുടെ വൈദ്യുതി നേരിട്ട് നല്‍കുകയാണ് ചെയ്തിരുന്നത്. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റത്. കൃഷിയിടത്തിലെ ചാലില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സരസുവിനെ പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുല്പള്ളി സ്റ്റേഷനിലെ എസ്.ഐ.മാരായ സി.ആർ. മനോജ്, രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തുകയും സംഭവം നടന്ന കൃഷിയിടവും വീടും സീല്‍ ചെയ്യുകയും ചെയ്തു. അനധികൃത വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
വീട്ടില്‍നിന്ന് വൈദ്യുതിവിതരണം നേരിട്ട് കൃഷിയിടത്തിലെ അനധികൃത വൈദ്യുതവേലിയിലേക്ക് നല്‍കിയതാണെന്ന് ബോധ്യപ്പെട്ടതായി കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ബത്തേരി ഗവ. താലൂക്കാശുപത്രിയിലേക്കു മാറ്റി.