തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ചെന്നു മുഖ്യമന്ത്രി. ദുരന്തത്തെ കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 2221 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്ടില്‍ ടൗണ്‍ഷിപ്പ് നല്കാൻ ഭൂമി വിലയ്ക്ക് വാങ്ങുമെന്നും ഭാവിയില്‍ ഒരു നിലകൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് ഇവിടെ വീടുകള്‍ നിർമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നല്‍കും. പുനരധിവാസം പൂർത്തിയാക്കും വരെ വീടുകളുടെ വാടക സർക്കാർ നല്‍കും. അതിനുള്ള പണം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സഹായം വൈകിയെന്നത് വസ്തുതയാണെന്നും എന്നാല്‍ സഹായം ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ പുനരധിവസം അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ദുരന്തം കഴിഞ്ഞ് ആറ് മാസമായിട്ടും പരുക്കേറ്റവർക്ക് ചികിത്സാ സഹായം നല്‍കിയില്ല. സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് ഗുരുതരമായി പരുക്കേറ്റവരടക്കം ചികിത്സ നടത്തുന്നത്. വീട് നിർമാണത്തിന് കണക്കാക്കിയ 30 ലക്ഷം രൂപ ഉയർന്ന നിരക്കാണെന്നും പല സ്പോണ്‍സർമാറും പിൻവാങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വീട് നിർമാണത്തിന് 30 ലക്ഷം രൂപയെന്നത് പ്രാഥമിക കണക്കാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വീടുകള്‍ ഒരുമിച്ചു നിർമിക്കുമ്പോള്‍ ചെലവ് കുറയും. അങ്ങനെ വരുമ്പോള്‍ ചെലവ് 20 ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദുരന്തത്തില്‍ സഹായം ചോദിച്ച് രാജ്യത്തെ എല്ലാ എംപിമാർക്കും കത്തയച്ചെന്നും ഒരു കോടി രൂപ വീതമാണ് എല്ലാവരോടും ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.