കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച.പിങ്ക് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം 225 റണ്‍സിന് ഓള്‍ ഔട്ടായി. 48 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. കാമറൂണ്‍ ഗ്രീന്‍ 46 റണ്‍സെടുത്തു. വിന്‍ഡീസിനായി ഷമാര്‍ ജോസഫ് നാലും ജെയ്ഡന്‍ സീല്‍സ്, ജസ്റ്റിന്‍ ഗ്രീവ്സ് എന്നിവര്‍ മൂന്ന് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസ് ആദ്യദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.
ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും നിരാശപ്പെടുത്തി മടങ്ങി. 17 റണ്‍സെടുത്ത കോണ്‍സ്റ്റാസിനെ ജസ്റ്റിൻ ഗ്രീവ്സ് ആണ് മടക്കിയത്. കാമറൂണ്‍ ഗ്രീനും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് ഓസീസിനെ 50 കടത്തി. പിന്നാലെ 92 പന്തില്‍ 23 റണ്‍സെടുത്ത ഖവാജയെ മടക്കി ഷമാര്‍ ജോസഫ് വിക്കറ്റ് വേട്ട തുടങ്ങി. എന്നാല്‍ സ്റ്റീവ് സ്മിത്ത്-ഗ്രീന്‍ സഖ്യം ഓസീസിനെ 100 കടത്തി ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. നിലയുറപ്പിച്ചെന്ന് കരുതിയ കാമറൂണ്‍ ഗ്രീനിനെ(46) പുറത്താക്കി ജെയ്ഡന്‍ സീല്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്കോര്‍ 150 കടന്നതിന് പിന്നാലെ 48 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ ഷമാര്‍ ജോസഫും വീഴ്ത്തി.