പോർട് ഓഫ് സ്പെയിൻ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.
കെ എല്‍ രാഹുലിന് പകരമാണ് സഞ്ജു ടീമിലെത്തിയത്. രാഹുല്‍ കൊവിഡില്‍ നിന്ന് മുക്തനായെങ്കിലും ബിസിസിഐ ഒരു ആഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു. ബിസിസിഐ വെബ്സൈറ്റില്‍ പുറത്തുവിട്ട സ്ക്വാഡില്‍ സഞ്ജുവിന്റെ പേരുമുണ്ട്. എന്നാല്‍ രാഹുലിനെ ഒഴവാക്കിയതായും കാണാം.
നേരത്തെ, ഏകദിന ടീമില്‍ സഞ്ജു കളിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടാനും താരത്തിനായി. മൂന്നാം മത്സരത്തില്‍ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു. സഞ്ജു ഉള്‍പ്പെടെ നാല് വിക്കറ്റ് കീപ്പര്‍മാരാണ് സ്ക്വാഡിലുള്ളത്. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന് കിഷന് എന്നിവരാണ് മറ്റുവിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ പന്തിന് ടീമില്‍ സ്ഥാനമുറപ്പാണ്. സഞ്ജുവിന് അവസരം ലഭിക്കുമോ എന്നുള്ളതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.