പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീനിസ് എതിരായ മൂന്നാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ക്യാപ്റ്റൻ രോഹിത് ശർമ്മ പരിക്കേറ്റ് പുറത്തായിട്ടും ഇന്ത്യൻ ബാറ്റർമാർ ടീമിനെ വിജയ തീരത്ത് എത്തിച്ചു.
സ്‌കോർ
വെസ്റ്റ് ഇൻഡീസ് – 164-5
ഇന്ത്യ – 165 – 3
ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ അര സെഞ്ച്വറി കൂട്ട് കെട്ട് പടുത്തുയർത്തിയ ടീം മികച്ച സ്‌കോറിലേയ്ക്കു പോകുമെന്ന പ്രതീതി സൃഷ്ടിച്ചു. നിലയുറപ്പിച്ച് കളിച്ച ബ്രണ്ടൻ കിങ്ങിനെ പാണ്ഡ്യപുറത്താക്കിയതോടെ ഇന്ത്യയ്ക്ക് ആദ്യ പ്രതീക്ഷ ലഭിച്ചു. പിന്നീട്, നിക്കോളാസ് പൂരാനും (22), റോമ് വാൻപവലും (23), ഹെറ്റ്മയറും (20) ചേർന്ന് മികച്ച പ്രതിരോധം നടത്തിയാണ് ടീം സ്‌കോർ മികച്ച നിലയിൽ എത്തിച്ചത്. മികച്ച നിലയിൽ ബാറ്റ് വീശിയ ഓപ്പണർ കെയിൻ മെയേഴ്‌സ് (50 പന്തിൽ 73) ടീമിന്റെ സ്‌കോർ 164 ൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർകുമാർ രണ്ടും, പാണ്ഡ്യയും അർഷദീപും ഓരോ വിക്കറ്റും വീതം വീഴ്ത്തി. ഇന്ത്യൻ ബൗളർമാരിൽ 15 റൺ ശരാശരയിൽ മൂന്ന് ഓവറിൽ 47 റൺ വഴങ്ങിയ ആവേശ് ഖാനാണ് നന്നായി തല്ലുവാങ്ങിയത്. അർഷർദ്വീപും ഭുവനേശ്വറും എട്ട് റൺ ശരാശരിയിൽ റൺ വഴങ്ങിയപ്പോൾ, 4.75 റൺ മാത്രമായിരുന്നു പാണ്ഡ്യയുടെ ശരാശരി.
മറുപടി ബാറ്റിംങിൽ ശാന്തമായി തുടങ്ങിയ ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി ആദ്യം തന്നെ രോഹിത് ശർമ്മ മടങ്ങി. പരിക്കേറ്റ് ക്യാപ്റ്റൻ മടങ്ങുമ്പോൾ 11 റൺ മാത്രമാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. തകർത്തടിച്ച് മുന്നേറിക്കൊണ്ടിരുന്ന സൂര്യകുമാർ യാദവിന് കൂട്ടായി ഒരു വശത്ത് പിടിച്ചു നിന്ന് ശ്രേയസ് അയ്യർ. 44 പന്തിൽ 76 റണ്ണെടുത്ത സൂര്യ തകർപ്പൻ അടിയുമായി ടീമിനെ വിജയത്തിലേയ്ക്ക് എത്തിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെ 27 പന്തിൽ 24 റൺ എടുത്ത ശ്രേയസ് മടങ്ങി. പിന്നാലെ സൂര്യകൂടി മടങ്ങിയെങ്കിലും, പന്ത് കളിയുടെ കൺട്രോൾ പിടിച്ചു.
നിലയുറപ്പിച്ച് കളിച്ച പന്തും പാണ്ഡ്യയും ചേർന്ന് ടീമിനെ വിജയത്തിലേയ്ക്ക് എത്തിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെ, അപ്രതീക്ഷിതമായി പാണ്ഡ്യ പുറത്തായി. നാല് റൺ മാത്രമായിരുന്നു പാണ്ഡ്യയുടെ അക്കൗണ്ടിൽ. പിന്നീട് പന്തും ഹൂഡയും ചേർന്ന് ടീമിനെ വിജയത്തിലേയ്ക്ക് എത്തിച്ചു. പതിനെട്ടാം ഓവറിന്റെ അവസാന പന്ത് ഫോറടിച്ച് പന്ത് തന്നെ ടീമിനെ രക്ഷിച്ചു.