ബ്രിഡ്ജ്ടൗൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ നിന്നിറങ്ങി പോയി വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫ്. ക്യാപ്റ്റൻ ഷായ് ഹോപ്പുമായുണ്ടായ തർക്കത്തെ തുടർന്നാണ് താരം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗ്രൗണ്ട് വിട്ടത്. ഫീൽഡർമാരെ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് താരം ഗ്രൗണ്ട് വിട്ടത്.
ആദ്യ ഇന്നിംഗിസിലെ നാലാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇംഗ്ലണ്ട് 10/1 എന്ന നിലയിൽ നിൽക്കുമ്‌ബോഴായിരുന്നു സംഭവം. ഓവർ എറിയാനെത്തിയ അൽസാരി ആദ്യ പന്തിന് ശേഷം ഫീൽഡിംഗ് പൊസിഷൻ മാറ്റാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഷായ് ഹോപ്പിനോട് ആവശ്യപ്പെടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഷായ് ഹോപ്പിന് ഫീൽഡിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ തയ്യാറായില്ല. തുടർന്ന് അസംതൃപ്തനായി അൽസാരി ജോസഫ് പന്തെറിഞ്ഞു. ആ ഓവറിന്റെ നാലാം പന്തിൽ ജോർദാൻ കോക്സിന്റെ വിക്കറ്റ് എടുത്ത താരം വിക്കറ്റ് ആഘോഷിക്കുന്നതിനിടെയിലും ക്യാപ്റ്റനോട് രോഷാകുലനായി സംസാരിക്കുകയായിരുന്നു.
ശേഷം ബാക്കി രണ്ട് പന്തുകൾ കൂടി എറിഞ്ഞ് ഓവർ പൂർത്തിയാക്കിയ താരം ഗ്രൗണ്ട് വിടുകയായിരുന്നു. ആ ഓവറിലിൽ റൺസ് ഒന്നും വിട്ടുകൊടുക്കാതെ താരം ഒരു വിക്കറ്റും നേടി. മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും നിലവിൽ പരിശീലനകനുമായ ഡാരൻ സമി ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും കാര്യങ്ങൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അടുത്ത ഓവറിൽ 10 പേരുമായിട്ടാണ് വിൻഡീസ് കളിച്ചത്. ഗ്രൗണ്ട് വിട്ട ശേഷം താരം സഹ കളിക്കാരനായ ഹെയ്ഡൻ വാൽഷുമായി ഡഗൗട്ടിൽ സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ആ ഓവർ കഴിഞ്ഞപ്പോൾ താരം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
അതേസമയം, മത്സരത്തിൽ വിൻഡീസ് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നേടി ഇംഗ്ലണ്ടിനെ വിൻഡീസ് ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 263 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വിൻഡീസ് 43 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ബ്രൻഡൻ കിംഗ് (102), കെയ്സി കാർട്ടി (128) എന്നിവരാണ് വിൻഡീസിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം ജയിച്ചതോടെ വിൻഡീസ് പരമ്ബര സ്വന്തമാക്കുകയും ചെയ്തു.