ലണ്ടൻ : പുല്‍ത്തകിടിയില്‍ പോരാട്ടത്തിന്റെ തീപടര്‍ത്തുന്ന വിംബ്ള്‍ഡണ്‍ ടെന്നിസിന് തുടക്കമായി. എട്ടാം വിംബിള്‍ഡണ്‍ വിജയത്തിനൊപ്പം 24ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന അപൂര്‍വ നേട്ടത്തിലേക്ക് റാക്കറ്റ് പായിക്കാനൊരുങ്ങുന്ന സെര്‍ബിയയുടെ 36കാരനായ നൊവാക് ദ്യോകോവിച്ചാണ് സെന്റര്‍ കോര്‍ട്ടിലെ പ്രധാന ആകര്‍ഷണം. 24 സുപ്രധാന കിരീടങ്ങള്‍ നേടിയ ആസ്ട്രേലിയൻ വനിത താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ നേട്ടത്തിനൊപ്പമെത്താനാണ് ദ്യോകോവിച്ചിന്റെ ശ്രമം.
എട്ട് തവണ വിംബിള്‍ഡണ്‍ ജേതാവായ റോജര്‍ ഫെഡററുടെ മികവിനൊപ്പമെത്താനും സെര്‍ബിയൻ താരത്തിന് ഒരു കിരീടദൂരം മാത്രമാണുള്ളത്. ഈ വര്‍ഷം ആസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ ദ്യോകോവിച്ചിനായിരുന്നു. പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ദ്യോകോയുടെ പ്രധാന എതിരാളിയും മറ്റൊരു വെറ്ററൻ താരവുമായ സ്പെയിനിന്റെ റാഫേല്‍ നദാല്‍ കളിക്കുന്നില്ല. ചാമ്പ്യൻഷിപ്പില്‍ രണ്ടാം സീഡാണ് ദ്യോകോവിച്ച്. ലോക ഒന്നാം നമ്പര്‍ താരമായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാറസാണ് ഒന്നാം സീഡ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിംബിള്‍ഡണിന് മുൻപ് പുല്‍ക്കോര്‍ട്ടിലെ ടൂര്‍ണമെന്റായ ക്യൂൻസ് ചാമ്പ്യൻഷിപ്പില്‍ അല്‍കാറസായിരുന്നു ജേതാവ്. ഭാവിയില്‍ നിരവധി വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടാൻ സാധ്യതയുള്ള താരമാണ് അല്‍കാറസ്. ദ്യോകോവിച്ചിന്റെ കുതിപ്പിന് തടയിടാൻ കരുത്തുള്ള കളിക്കാരനുമാണ് ഈ 20കാരൻ. റഷ്യയുടെ മൂന്നാം സീഡ് ഡാനില്‍ മെദ്‌വദേവ് ഈ കോര്‍ട്ടില്‍ ഇതുവരെ നാലാം റൗണ്ടിനപ്പുറം കടന്നിട്ടില്ല. നോര്‍വെയുടെ കാസ്‌പര്‍ റൂഡാണ് പുരുഷന്മാരിലെ നാലാം സീഡ്. മുൻ ജേതാവും ബ്രിട്ടന്റെ വെറ്ററൻ താരവുമായ ആൻഡി മറെയും റാക്കറ്റേന്തും. മറെക്കൊപ്പമാണ്ദ്യോകോവിച്ചിന്റെ പരിശീലനം. 43കാരനായ ഇന്ത്യൻ താരം മഹേഷ് ബൊപ്പണ്ണക്ക് പുരുഷ ഡബ്ള്‍സില്‍ ആസ്ട്രേലിയയുടെ മാത്യു എബ്ഡനാണ് പങ്കാളി.