എറണാകുളം: കൊച്ചിയില്‍ താമസമാക്കിയ തമിഴ്‌നാട് സ്വദേശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭാര്യയും മകളും. ദിണ്ടിഗല്‍ സ്വദേശിയായ ശങ്കറാണ് കൊല്ലപ്പെട്ടത്. ശങ്കറിന്റെ ഭാര്യ ശെല്‍വിയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുന്‍പാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചത്. മരണം സ്ഥിരീകരിച്ച ശേഷം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കഴുത്തില്‍ അസ്വഭാവികമായ പാട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്.
സ്ഥിരം മദ്യപാനിയായ ശങ്കര്‍ വീട്ടില്‍ വഴക്കിടുകയും ഭാര്യയെയും മകളെയും അക്രമിക്കുന്നതും പതിവായിരുന്നു. ഏതാനും മാസം മുന്‍പ് അക്രമണത്തില്‍ ശെല്‍വിയുടെ കയ്യൊടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും അക്രമിക്കാന്‍ മുതിര്‍ന്നപ്പോഴാണ് ഷൂസ് ലെയ്‌സ് ഉപയോഗിച്ച് കഴുത്തില്‍ കുരുക്ക് മുറുക്കി കൊലപ്പെടുത്തിയത്. പൊലീസ് ചോദ്യം ചെയ്ത ഉടന്‍ ശെല്‍വി കുറ്റം സമ്മതിച്ചു. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.