മുട്ടില്‍: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ബാധിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം പൂർണമായും ഏറ്റെടുക്കാൻ സന്നദ്ധത വ്യക്തമാക്കി ഡബ്ല്യുഎംഒ. വിദ്യാർത്ഥികള്‍ക്ക് കുടുംബത്തോടൊപ്പമോ ഡബ്ല്യുഎംഒ സ്ഥാപനങ്ങളിലോ താമസിച്ച് ജില്ലയിലോ ജില്ലയ്ക്ക് പുറത്തോ തുടർപഠനം നടത്താനുള്ള അവസരമാണ് ഡബ്ല്യുഎംഒ മുന്നോട്ട് വയ്ക്കുന്നത്. ഡബ്ല്യുഎംഒ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടം, പ്രാദേശിക സാമൂഹിക പ്രവർത്തകർ എന്നിവരുമായി കൂടിയാലോചിച്ചാണ് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഡബ്ല്യുഎംഒ പ്രസിഡന്റ് പിപി അബ്ദുല്‍ ഖാദർ, ജനറല്‍ സെക്രട്ടറി കെകെ അഹമ്മദ് ഹാജി എന്നിവർ വിശദമാക്കി.
ധനസഹായത്തിന് പുറമേ പല രീതിയിലുള്ള സഹായവുമായാണ് ആളുകള്‍ വയനാട്ടിലെ ദുരിത ബാധിത മേഖലയെ ചേർത്ത് പിടിക്കുന്നത്. ബാധിക്കപ്പെട്ടവർക്ക് വീടുകള്‍ നിർമ്മിച്ച് നല്‍കാനുള്ള സന്നദ്ധത എഐവൈഎഫും പ്രവാസി സംഘടനയും വിശദമാക്കിയിരുന്നു. വിപിഎസ് ലേക്ഷോർ ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായാണ് സഹായം എത്തിക്കുക. നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെയ്യുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവന നല്കി. ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന് 25 ലക്ഷവും, മമ്മൂട്ടി 20 ലക്ഷവും നല്കി. തമിഴ് നടൻ സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുല്‍ഖർ സല്മാൻ 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം രൂപ എന്നിങ്ങനെ മറ്റു താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം സംഭാവന നല്‍കിയിട്ടുണ്ട്.