വാനോസ് ആരീസ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്കു ജയം. പരിക്കേറ്റു വിശ്രമത്തിലായിരുന്ന മെസി, രണ്ടാം പകുതിയില്‍ (53′) പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ മത്സരത്തില്‍ അര്‍ജന്റീന 1-0ന് പരാഗ്വെയെ തോല്‍പ്പിച്ചു. മൂന്നാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെൻഡി നേടിയ ഗോളിലായിരുന്നു അര്‍ജന്റീനയുടെ ജയം. മെസിയുടെ ഒളിന്പിക് ഗോള്‍ ശ്രമമുള്‍പ്പെടെ രണ്ട് ഷോട്ട് ഗോള്‍ പോസ്റ്റില്‍ ഇടിച്ചു മടങ്ങി.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ലാറ്റനമേരിക്കൻ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മൂന്നാം ജയമാണ്. മൂന്ന് മത്സരങ്ങളില്‍ ഒന്‍പത് പോയിന്റുമായി ടേബിളില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തി. ക്ലീൻ ഷീറ്റ് നേടിയതോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ സമയം ഗോള്‍ വഴങ്ങാതിരിക്കുന്ന ഗോള്‍ കീപ്പര്‍ എന്ന റിക്കാര്‍ഡ് എമിലിയാനൊ മാര്‍ട്ടിനെസ് സ്വന്തമാക്കി, 622 മിനിറ്റ്. ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാൻസിനെതിരേയാണ് എമിലിയാനൊ അവസാനമായി ഗോള്‍ വഴങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെനസ്വേലയ്ക്കെതിരേ സ്വന്തം മണ്ണിലിറങ്ങിയ നെയ്മറിനും സംഘത്തിനും 1-1ന്റെ സമനില കുരുക്ക്. 85-ാം മിനിറ്റില്‍ എഡ്വേര്‍ഡ് ബെല്ലൊ നേടിയ ഗോളിലായിരുന്നു വെനസ്വേലയുടെ സമനില. ഗബ്രിയേലിലൂടെ (50′) ബ്രസീല്‍ ലീഡ് നേടിയിരുന്നു. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ വിജയ പരന്പരയ്ക്ക് അവസാനമായി. 2015 മുതല്‍ 15 മത്സരങ്ങളില്‍ ബ്രസീല്‍ ഹോം ജയം സ്വന്തമാക്കിയിരുന്നു.
മറ്റു മത്സരങ്ങളില്‍ കൊളംബിയയും ഉറുഗ്വെയും 2-2നു സമനിലയില്‍ പിരിഞ്ഞു. ചിലി 2-0ന് പെറുവിനെയും ഇക്വഡോര്‍ 2-1ന് ബൊളീവിയയെയും തോല്‍പ്പിച്ചു. അര്‍ജന്റീനയ്ക്കു പിന്നില്‍ ബ്രസീല്‍ (7 പോയിന്റ്), കൊളംബിയ (5), ഉറുഗ്വെ (4) ടീമുകളാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളില്‍.