ആലപ്പുഴ : സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെയുള്ള യുവതിയുടെ പരാതി ശനിയാഴ്ച പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗത്തെ പാർട്ടി അംഗത്വത്തിൽനിന്നു പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടിക്കു സാധ്യത.
ജില്ലാ സെക്രട്ടേറിയറ്റ് നടപടി തീരുമാനിച്ച ശേഷം അതു റിപ്പോർട്ട് ചെയ്യാൻ ഏരിയ കമ്മിറ്റി യോഗം വിളിക്കും.പ്രശ്നം അന്വേഷിക്കുന്ന രണ്ടംഗ കമ്മിഷന്റെ റിപ്പോർട്ട് ശനിയാഴ്ചത്തെ യോഗത്തിൽ വയ്ക്കുമെന്ന് അറിയുന്നു. റിപ്പോർട്ട് ചർച്ച ചെയ്ത് വേഗത്തിൽ നടപടിയെടുക്കാനാണു നേതൃത്വം ആലോചിക്കുന്നത്. സെക്രട്ടേറിയറ്റ് എടുക്കുന്ന നടപടി വൈകാതെ ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അംഗത്തിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് സൗത്ത് ഏരിയ കമ്മിറ്റി.വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.അംഗത്വത്തിൽനിന്ന് ഉൾപ്പെടെ ഒഴിവാക്കുന്ന നടപടി വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര ഏരിയ കമ്മിറ്റി യോഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതിയുടെ പരാതി സത്യമാണെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതിനാൽ നടപടി ഉറപ്പാണെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു.യുവതി പാർട്ടി നേതൃത്വത്തിനു മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. പൊലീസിൽ പരാതി നൽകിയിട്ടില്ല. അതേസമയം, ആരോപണവിധേയൻ ഇതുവരെ പാർട്ടി ഘടകങ്ങളിലൊന്നും തന്റെ ഭാഗം വിശദീകരിച്ചിട്ടില്ല.