ഇരയാക്കി ഒതുക്കിയ കെട്ടകാലത്തെ സമൂഹത്തിന് മുന്നില്‍ ഇരയല്ല ഞാന്‍, അതിജീവതയെന്ന് പറഞ്ഞവള്‍; ആണഹന്തകളുടെ ഭാവനകളെ തല്ലക്കെടുത്തിയ പുതിയ പെണ്‍ഭാവം; ഈ പെണ്ണാണ് നാളത്തെ പ്രതീക്ഷ, പേട്ടന്‍ പറഞ്ഞ വെറും പെണ്ണ്..!

കൊച്ചിക്കായല്‍ അന്ന് പതിവിലധികം കലങ്ങിമറിഞ്ഞിരുന്നു. ഉപ്പ് മണക്കുന്ന കായല്‍ക്കാറ്റില്‍ പല ദിശകളിലെത്താന്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു ‘അജ്ഞാത വാഹനം’ എറണാകുളം നഗരം മുഴുവന്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. അതിനുള്ളില്‍ തന്റെ സ്വാഭിമാനത്തെ, സ്ത്രീത്വത്തെ ഉലച്ചുകളഞ്ഞ മുഖം കണ്ട് അവള്‍ ആശ്ചര്യപ്പെട്ടിരിക്കണം. കാരണം, അപരിചിതനല്ല, തന്റെ തൊഴിലിടത്തിലെ പരിചിതമുഖമാണ് അയാള്‍.
പ്രതിരോധങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും അലറിക്കരച്ചിലുകള്‍ക്കും അപേക്ഷകള്‍ക്കും ഒടുവിലത്തെ ഏങ്ങലുകള്‍ക്കുമൊടുവില്‍ അവള്‍ അയാളോട് ചോദിച്ചു കാണണം,
നീയോ..? നീ എന്തിനാ ഇത് ചെയ്യുന്നത്..?
ഇതൊരു ക്വട്ടേഷനാണ്. പേട്ടന്‍, പണം തന്ന് ചെയ്യിപ്പിച്ചതാണ്- അതിക്രമത്തിനൊടുവില്‍ അത് പറഞ്ഞപ്പോള്‍ യജമാനന്‍ എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍ കഷണത്തിന് വേണ്ടി കാല്‍ക്കീഴിലിരിക്കുന്ന നായയുടെ മുഖമായിരുന്നിരിക്കണം അയാള്‍ക്ക്. ലൈംഗിക അധിക്ഷേപം വീഡിയോയില്‍ ചിത്രീകരിച്ചത് ഇനിയുള്ള കാലം അവളെ ചൊല്‍പ്പടിയില്‍ നിര്‍ത്താനായിരുന്നിരിക്കണം. അറക്കും മുന്‍പ് വെള്ളം കൊടുത്ത് മാടിനോട് കാണിക്കുന്ന ദയാവായ്പ് അവള്‍ക്കും ലഭിച്ചു, പറഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടു..!

Advertisements

അന്ന് പേരില്ലാതെ ഇറക്കിവിട്ടവള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നലെയാണ് കയറിവന്നത്, തന്റെ പേര് ഉറക്കെ പറഞ്ഞുകൊണ്ട്. നടിയും ഇരയുമാക്കി മാത്രം ഒതുക്കിയ സമൂഹത്തിനോട് അക്രമം നേരിട്ടവ്യക്തി ഞാനാണെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു, തലകുനിച്ച് കരഞ്ഞുകൊണ്ടല്ല, തല ഉയര്‍ത്തി ഉറച്ച ശബ്ദത്തില്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റപ്പെടുത്തലുകളുടേയും പരിഹാസങ്ങളുടേയും വിക്ടിം ഷെയ്മിംഗിന്റെയും നീണ്ട കാലഘട്ടം. പലതരം മാനസികാവസ്ഥകള്‍ തന്നെ കുടുക്കിയിട്ട കാലത്തെ കുറിച്ച് അവര്‍ വേദനയോടെ പറഞ്ഞു. നുറുങ്ങിച്ചിതറിപ്പോയ തന്നെ പെറുക്കിക്കൂട്ടിയെടുക്കാന്‍ ഒപ്പം നിന്നവരെ സ്‌നേഹത്തോടെ ഓര്‍ത്തു. സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ഒന്നുമല്ല അവള്‍ ഒറ്റപ്പെടലിന്റെ നിലയില്ലക്കയം കണ്ടത്, അത് കോടതി മുറിയിലായിരുന്നു. അവസാന ആശ്രയമെന്ന് ഇന്നാട്ടിലെ ഓരോ പൗരനും വിശ്വസിക്കുന്ന നീതിദേവതയുടെ മുന്നില്‍. ഏഴ് അഭിഭാഷകരുടെ ചോദ്യങ്ങള്‍, ക്രോസ് വിസ്താരങ്ങള്‍, ആക്രമണത്തെക്കുറിച്ചുള്ള വിശദീകരണങ്ങളുടെ ആവര്‍ത്തനങ്ങള്‍, ഒറ്റപ്പെടലിന്റെ പതിനഞ്ച് ദിവസങ്ങള്‍. പക്ഷേ, പതിനഞ്ചാം ദിവസം അവള്‍ കോടതിയില്‍ നിന്നും പുറത്തിറങ്ങിയത് ഇരയായിട്ടല്ല, അതിജീവിതയായിട്ടാണ്, കൂടുതല്‍ കരുത്ത് പ്രാപിച്ച മനുഷ്യനായിട്ടാണ്..! ജയിക്കുമെന്ന് ഉറപ്പുള്ള പോരാട്ടമല്ല നടത്തുന്നത് എന്ന് തിരിച്ചറിയുമ്പോഴും അന്തസ് തിരിച്ചുപിടിക്കാന്‍, നിരപരാധിയെന്ന് തെളിയിക്കാന്‍, ആക്രമണം നേരിട്ട അനവധി സ്ത്രീകള്‍ക്കു വേണ്ടിയും തന്റെ പോരാട്ടം തുടരുമെന്ന് അവള്‍ ഉറപ്പോടെ പറഞ്ഞു.

ലൈംഗിക പീഡനത്തിനൊടുവില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന മെന്റല്‍ട്രോമയുടെ ആഴം അളക്കാവുന്നതിനപ്പുറമാണ്. ഒരു സ്ത്രീയെ അപമാനിക്കാനുള്ള ടൂള്‍ മാത്രമാണ് സമൂഹത്തിന് ലൈംഗികാതിക്രമം. ഇരയാക്കപ്പെടുന്ന ഓരോ പെണ്ണിനും വലിയൊരു പ്രകാശപാത വെട്ടിത്തുറന്നിട്ടിട്ടുണ്ട് ഭാവനയെന്ന അതിജീവിത. അതിന് അവള്‍ പകരം കൊടുത്തത് തന്റെ ജീവിതത്തിന്റെ വലിയൊരു കാലഘട്ടമാണ്. കരിയറില്‍ തന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് കിട്ടേണ്ടിയിരുന്ന കാലം. കുടുംബജീവിതം ഭദ്രമാക്കേണ്ട കാലം. യൗവനം അതിന്റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കപ്പെടേണ്ട കാലം. അവള്‍ക്ക് മാത്രമല്ല ഇതൊക്കെ നഷ്ടമായത്, ഒപ്പം നിന്ന പല പെണ്ണുങ്ങള്‍ക്കുമാണ്. പത്മപ്രിയയും രമ്യാനമ്പീശനും റിമ കല്ലിങ്കലും ഒരു പരിധി വരെ പാര്‍വ്വതിയുമൊക്കെ അക്കൂട്ടത്തില്‍പ്പെടും.

ശാരീരിക- മാനസിക- ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരോടാണ്, തല കുനിക്കേണ്ടതും അപമാനഭാരം കൊണ്ട് നെഞ്ച് വിങ്ങേണ്ടും നിങ്ങള്‍ക്കല്ല. നിങ്ങളെ അതിക്രമിച്ചവനാണ്. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണം അവസരങ്ങള്‍ വേണ്ടെന്ന് വയ്‌ക്കേണ്ടതും പൊതുഇടങ്ങളില്‍ നിന്ന് പിന്‍വലിയേണ്ടതും നിങ്ങളല്ല, നിങ്ങളെ ദ്രോഹിച്ചവനാണ്. പീഡിപ്പിക്കപ്പെട്ടു എന്ന് വിളിച്ചു പറയേണ്ടത് കലങ്ങിയ കണ്ണുമായല്ല, തന്റേടത്തോടെയാണ്. ഇതിനെല്ലാമിടയില്‍ വിഷാദത്തിലേക്ക് വീണ് പോകാതെ സ്വയം കവചമാകണം.

പെണ്‍കുട്ടികളോടാണ്, അഴുക്കുചാലില്‍ അകപ്പെട്ടുപോയ സ്ത്രീകളോടാണ്,

നിന്റെ ആ വീഡിയോ എന്റെ കയ്യിലുണ്ട്, നിന്റെ സ്വകാര്യ ഫോട്ടോസ് കുടംുബത്തിലുള്ളവരുടെ കയ്യിലെത്തിക്കും, ഇതൊക്കെ പുറത്തറിഞ്ഞാല്‍ നീ ജീവിച്ചിരുന്നിട്ട് കാര്യമില്ല, ലോകം മുഴുവന്‍ നിന്നെയേ കുറ്റപ്പെടുത്തൂ, പിന്നെ നിന്റെ ഭാവി തീര്‍ന്നു… തേന്‍ പുരട്ടിയും അല്ലാതെയും പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുന്നവന്മാരെ പേടിക്കരുത്. അവരാണ് ഏറ്റവും വലിയ ഭീരുക്കള്‍. പെണ്ണ് ഉറക്കെ സംസാരിച്ചാല്‍ തീര്‍ന്നുപോകാനുള്ളതേയുള്ളൂ അക്രമിക്കുന്നവന്റെ വ്യാജ ഊറ്റങ്ങള്‍. നീ എന്ത് ചെയ്താലും എനിക്ക് പുല്ലാടാ എന്ന് ഉറക്കെ പറഞ്ഞ്, അപമാനിക്കപ്പെട്ട ഇടം ഉപേക്ഷിച്ച് തിരിച്ച് നടക്കാനായാല്‍ നിങ്ങള്‍ വിജയിച്ചു കഴിഞ്ഞു. ഏതൊരാണിന്റെയും വിജയത്തിന് പിന്നിലും ഒരു പെണ്ണുണ്ടെന്ന് പറായാറുണ്ട്, പക്ഷേ പെണ്ണിന് വിജയിക്കാന്‍ ഒരുത്തനും പിന്നിലും മുന്നിലും നില്‍ക്കേണ്ടതില്ല..!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.