ഡല്‍ഹി : വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 കിരീടത്തിനായി മെഗ് ലാന്നിംഗിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സും സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ.ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കന്നിക്കിരീട മോഹത്തോടെയാണ് ഇരുടീമും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ആർസിബിക്ക് ഇത് കന്നി ഫൈനലാണ്, ക്യാപ്പിറ്റല്‍സിന്റെ രണ്ടാമത്തേതും.
പെറി, സ്മൃതി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലീഗ് റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെയാണ് ആർസിബി പ്ലേ ഓഫ് എലിമിനേറ്ററില്‍ കടന്നത്. 2024 ഡബ്ല്യുപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനക്കാരിയായ എല്ലിസ് പെറിയാണ് ആർസിബിയുടെ ബാറ്റിംഗ് കരുത്ത്. മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തുന്ന ഈ ഓസീസ് താരം എട്ട് മത്സരങ്ങളില്‍ രണ്ട് അർധസെഞ്ചുറിയടക്കം 312 റണ്‍സ് നേടിയാണ് ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപ്പ് അണിയുന്നത്. ഒന്‍പത് മത്സരങ്ങളില്‍ രണ്ട് അർധസെഞ്ചുറിയടക്കം 269 റണ്‍സ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ബാറ്റിംഗില്‍ ആർബിസിയുടെ മറ്റൊരു കരുത്ത്.
ലാന്നിംഗ്, ഷെഫാലി
ആർസിബിയുടേതുപോലെ ഓസ്ട്രേലിയൻ-ഇന്ത്യൻ ബാറ്റിംഗാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും കരുത്ത്. എട്ട് മത്സരങ്ങളില്‍ 308 റണ്‍സ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിംഗാണ് ക്യാപ്പിറ്റൻസിന്റെ ബാറ്റിംഗ് മുന്നില്‍നിന്ന് നയിക്കുന്നത്. 2024 സീസണില്‍ റണ്‍വേട്ടയില്‍ എല്ലിസ് പെറിക്കു പിന്നില്‍ രണ്ടാമതാണ് ലാന്നിംഗ്.
എട്ട് മത്സരങ്ങളില്‍ മൂന്ന് അർധസെഞ്ചുറിയടക്കം 265 റണ്‍സ് നേടിയ ഷെഫാലി വർമയാണ് ലാന്നിംഗിനൊപ്പം ഡല്‍ഹിയുടെ ബാറ്റിംഗിലെ നിർണായക സാന്നിധ്യം. ജെമീമ റോഡ്രിഗസ് (235), ആലീസ് കാപ്സി (230) എന്നിവരും ഡല്‍ഹി സ്കോർബോർഡില്‍ റണ്‍സ് എത്തിച്ചവരാണ്.
ബൗളിംഗ് യൂണിറ്റ്
ദക്ഷിണാഫ്രിക്കൻ മീഡിയം പേസറായ മരിസാൻ കാപ്പിന്റെ കൈയിലാണ് ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാൻ. ആറ് മത്സരങ്ങളില്‍ 11 വിക്കറ്റ് വീഴ്ത്തി, ടൂർണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറുടെ പർപ്പിള്‍ ക്യാപ്പ് അണിയുകയാണ് കാപ്പ്.
ആറ് മത്സരങ്ങളില്‍ 11 വിക്കറ്റ് നേടിയ ഓസീസ് താരം ജെസ് ജോനാസെൻ എട്ട് മത്സരങ്ങളില്‍ 10 വിക്കറ്റ് വീഴ്ത്തിയ രാധ യാദവ് എന്നിവരാണ് ഡല്‍ഹി ബൗളിംഗിന്റെ കരുത്ത്. മറുവശത്ത് മലയാളിയായ ആശ ശോഭനയാണ് ആർസിബിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത്, ഒന്‍പത് മത്സരങ്ങളില്‍ 10 വിക്കറ്റ്. ഓസീസ് താരം സോഫി മോളിനക്സും (ഒന്‍പത് വിക്കറ്റ്) ആർസിബിയുടെ ബൗളിംഗ് കരുത്താണ്.
കപ്പടിക്കാൻ മലയാളികള്‍…
വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനായി വയനാട് സ്വദേശിയായ മിന്നു മണിയും തിരുവനന്തപുരം സ്വദേശി ആശാ ശോഭന റോയിയും ഇന്നു നേർക്കുനേർ. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓള്‍റൗണ്ടറാണ് ഇരുപത്തിനാലുകാരിയായ മിന്നു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമാണ് ആശ ശോഭന.
ജന്മദിനാഘോഷത്തിന് ആശ
ഇന്നലെയായിരുന്നു ആശയുടെ 34-ാം ജന്മദിനം. ഇന്ന് ഡബ്ല്യുപിഎല്‍ കിരീടത്തോടെ ജന്മദിനാഘോഷം നടത്താനാണ് പദ്ധതി. 2023ലെ പ്രഥമ ഡബ്ല്യുപിഎല്‍ സീസണ് മുതല്‍ ആർസിബിയുടെ ഭാഗമാണ് ആശ. 10 ലക്ഷം രൂപയ്ക്കായിരുന്നു ആശ കഴിഞ്ഞ സീസണില്‍ ആർസിബിയില്‍ എത്തിയത്. 2023 എഡിഷനില്‍ അഞ്ച് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് മാത്രമായിരുന്നു ഈ ലെഗ് സ്പിന്നറിനുണ്ടായിരുന്നത്.
2024 സീസണില്‍ ആർസിബിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് (10) വീഴ്ത്തിയത് ആശയാണ്. യുപി വാരിയേഴ്സിന് എതിരായ അഞ്ച് വിക്കറ്റ് (5/22) പ്രകടനം ഉള്‍പ്പെടെ മികവാർന്ന ബൗളിംഗാണ് ആശ കാഴ്ചവയ്ക്കുന്നത്. എലിമിനേറ്ററില്‍ അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാൻ 12 റണ്‍സ് വേണമെന്നിരിക്കേ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന പന്ത് ഏല്‍പ്പിച്ചത് ആശയെയായിരുന്നു. ഡബ്ല്യുപിഎല്ലില്‍ ആകെ 14 മത്സരങ്ങളില്‍ 15 വിക്കറ്റ് ഇതുവരെ ആശ സ്വന്തമാക്കി.
മിന്നുവിന് രണ്ടാം ഫൈനല്‍
2023 സീസണില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു മിന്നു മണി ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ എത്തിയത്. ഡല്ഹിയുടേതുപോലെ മിന്നുവിനും ഇന്നത്തേത് തുടർച്ചയായ രണ്ടാം ഫൈനലാണ്. 2023 സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമായിരുന്നു മിന്നു കളിച്ചത്. വിക്കറ്റ് നേടാൻ സാധിച്ചില്ല. എന്നാല്‍, 2024 സീസണില്‍ നാല് മത്സരങ്ങളില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേർക്കുനേർ
വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ചരിത്രത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഇതുവരെ നാല് തവണ ഏറ്റുമുട്ടി. നാലിലും ഡല്‍ഹിക്കായിരുന്നു ജയം. 2024 സീസണ് ലീഗ് റൗണ്ടില്‍ ആർസിബി രണ്ട് തോല്‍വി വഴങ്ങിയ ഏകടീമും ക്യാപ്പിറ്റല്‍സാണ്. ഈ സീസണിലെ ആദ്യ ഏറ്റുമുട്ടലില്‍ 25 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഒരു റണ്ണിനുമായിരുന്നു ഡല്‍ഹിയുടെ ജയം.