തിരുവനന്തപുരം: അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ വെര്‍ട്ടിക്കല്‍ പ്ലാറ്റ് ഫോം way.com ലോകത്തെ വന്‍കിട സ്വകാര്യ കമ്പനികളില്‍ നിന്നും ‘മാര്‍ക്കറ്റ് പ്ലേസ് 100’ പട്ടികയില്‍ 48 -ാം റാങ്ക് നേടി. മലയാളി സംരംഭകനായ ബിനു താമരാഷന്‍ ഗിരിജയാണ് അമേരിക്കന്‍ വിപണിയിലെ സജീവ സാന്നിധ്യമായ സൂപ്പര്‍ ഓട്ടോ ഫിന്‍ടെക് ആപ്പിന്‍റെ അമരക്കാരന്‍.
കാര്‍ ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, പാര്‍ക്കിംഗ്, കാര്‍ വാഷ്, റോഡ് സൈഡ് അസിസ്റ്റന്‍സ് ഉള്‍പ്പെടെയുള്ള വാഹനസംബന്ധമായ പ്രതിവിധികള്‍ ലഭ്യമാക്കുന്ന way.com ന്‍റെ 200 ജീവനക്കാരുള്‍പ്പെടുന്ന അനുബന്ധ ഓഫീസ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലൂംബെര്‍ഗ് സെക്കന്‍ഡ് മെഷറില്‍ നിന്നുള്ള മൊത്ത വ്യാപാര മൂല്യത്തിന്‍റേയും അപ്പോടോപ്പിയ-സിമിലര്‍വെബ് എന്നിവയിലെ ഉപഭോക്തൃ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടേയും സ്വകാര്യ കമ്പനികളുടേയും ഈ വര്‍ഷത്തെ പട്ടികയിലാണ് കമ്പനി ഇടം പിടിച്ചത്.
വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്സിന്‍റെ നേതൃത്വത്തിലുള്ള മൂന്നാം വാര്‍ഷിക ‘മാര്‍ക്കറ്റ്പ്ലേസ് 100’ ആണിത്. കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള തന്ത്രങ്ങളേയും ഉപഭോക്തൃ സ്വഭാവങ്ങളേയും അടിസ്ഥാനമാക്കിയ ഷോപ്പിംഗ്, എക്സ്പീരിയന്‍സ് വിഭാഗങ്ങളിലുള്ളവരാണ് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയത്.
സംഘത്തിന്‍റെ വിശ്രമമില്ലാത്ത ദൗത്യങ്ങളുടെ ഫലമാണ് അംഗീകാരമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ബിനു താമരാഷന്‍ ഗിരിജ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ മുന്നേറാന്‍ ഇത് ഊര്‍ജ്ജമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ ഡിജിറ്റല്‍ സേവന സ്ഥാപനമായ way.com ടെക്നോപാര്‍ക്കില്‍ അതിവേഗം വളരുന്നതിലും ഭാവി വളര്‍ച്ചയ്ക്കുള്ള സുപ്രധാന കേന്ദ്രമായി തിരുവനന്തപുരത്തെ പരിഗണിക്കുന്നതിലും സന്തോഷമുണ്ടെന്ന് കേരള ഐടി പാര്‍ക്ക്സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.
സിലിക്കണ്‍ വാലിയില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനം യാത്രകള്‍ ലളിതമായി സാധ്യമാക്കുകയും മോര്‍ട്ടോര്‍വാഹന ഇന്‍ഷുറന്‍സ്- റിഫിനാന്‍സ്, വാഹനങ്ങള്‍ക്ക് റോഡില്‍ ആവശ്യമായ സഹായം എന്നിവ പ്രദാനം ചെയ്യുന്നുണ്ട്. ഏകീകൃത പ്ലാറ്റ് ഫോമിലൂടെ നേരിട്ട് ഉപഭോക്താക്കള്‍ക്കാണ് സേവനങ്ങള്‍ എത്തിക്കുന്നത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന ഈ ഓട്ടോ ഫിന്‍ടെക് പ്ലാറ്റ് ഫോം മിതമായ നിരക്കാണ് ഈടാക്കുന്നത്.
സ്ഥാപനത്തിന്‍റെ കാര്‍ ഇന്‍ഷുറന്‍സ് വിഭാഗത്തിന് യൂണിറ്റ് ക്യുവിന്‍റെ ഉല്‍പ്പന്ന ഗുണമേന്‍മയ്ക്കുള്ള # 1 ഓട്ടോ ഇന്‍ഷുറന്‍സ് ആപ് അംഗീകാരം അടുത്തിടെ ലഭിച്ചിരുന്നു. മിതമായ നിരക്കില്‍ മികച്ച കാര്‍ സേവനങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് way.com ആരംഭിച്ചത്. എല്ലാവര്‍ക്കും കാര്‍ സ്വന്തമാക്കാനാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രപ്രധാനമായ വിവിധ വിഭാഗങ്ങള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ജൂണില്‍ അമേരിക്കയില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ ഫൈന്‍ഡേര്‍സ് നടപ്പാക്കും. തുടര്‍ന്ന് ക്യാഷ് ഫോര്‍ ഗ്യാസും ആവിഷ്കരിക്കും.