കോട്ടയം: ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക ഉപഭോക്തൃ അവകാശദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് വി.എസ്. മനുലാൽ അധ്യക്ഷത വഹിക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് മുഖ്യാതിഥിയാകും. കെൽട്രോൺ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് പ്രവീൺ കുമാർ ‘ഉപഭോക്താക്കൾക്കുവേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂർവകവുമായ നിർമ്മിത ബുദ്ധി (എ.ഐ)’ എന്ന വിഷയത്തിൽ ക്ലാസെടുക്കും.
കൂടാതെ ചടങ്ങിൽ ഉപഭോക്തൃ നീതിസംഗമവും പ്രശസ്തി പത്രവിതരണം നടത്തും. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ അംഗം അഡ്വ. ആർ. ബിന്ദു, ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സിറ്റിസൺസ് റൈറ്റ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് കലാവടക്കൻ, കൺസ്യൂമർ ഗൈഡൻസ് ആൻഡ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി പി.ഐ. മാണി, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ ജനറൽ സെക്രട്ടറി ഷിബു ഏഴേപുഞ്ചയിൽ, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജി ചന്ദ്രൻ, ജൂനിയർ സൂപ്രണ്ട് എം.ആർ. മനോജ് കുമാർ എന്നിവർ പങ്കെടുക്കും. ഉപഭോക്തൃ നീതിസംഗമത്തിൽ പാസ്കൽ ജോസഫ്, ഫായിസ്, ബെന്നി, രതീഷ് എന്നിവരും പങ്കെടുക്കും.