മെൽബൺ : ഓസ്ട്രേലിയന്‍ ടീമിലേയും ലോകക്രിക്കറ്റിലേയും ഭാവി സൂപ്പര്‍ താരമെന്ന വിശേഷണമാണ് കാമറൂണ്‍ ഗ്രീനിന് ക്രിക്കറ്റ് ലോകം നല്‍കിയിട്ടുള്ളത്. 24കാരനായ താരത്തിന്റെ ഇതുവരേയുള്ള പ്രകടനം അങ്ങനെയൊരു വിശേഷണം തനിക്ക് യോജിക്കുമെന്ന് തെളിയിക്കുന്നതുതന്നെയാണ്. എന്നാല്‍ താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിക്കുന്നതാണ്. വിട്ടുമാറാത്ത വൃക്ക രോഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് താനെന്നാണ് ഗ്രീന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. ജനിച്ചപ്പോള്‍ മുതല്‍ താന്‍ വൃക്കരോഗിയാണെന്നും 60 ശതമാനം മാത്രമാണ് പ്രവര്‍ത്തനശേഷിയെന്നും രോഗത്തോടുള്ള പോരാട്ടം തുടരുകയാണെന്നുമാണ് ഗ്രീന്‍ തുറന്ന് പറഞ്ഞത്.
വിട്ടുമാറാത്ത വൃക്ക രോഗം ഘട്ടം ഘട്ടമായി കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രോഗമാണ്. വൃക്കകള്‍ സ്വഭാവികമായി രക്തം ശുദ്ധീകരിക്കപ്പെടുന്നില്ലെന്നതാണ് ഗ്രീനിന്റെ ആരോഗ്യസ്ഥിതി. വൃക്ക രോഗത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്. ഇപ്പോള്‍ രണ്ട് ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. അഞ്ചാമത്തെ ഘട്ടമെത്തി കഴിയുമ്ബോള്‍ വൃക്ക മാറ്റി വെയ്ക്കുകയോ ശുദ്ധീകരിച്ച രക്തം കടത്തിവിടുകയോ ചെയ്യേണ്ടതുണ്ട്. ക്രിക്കറ്റ് കരിയറിനായി ചിട്ടയായ ഭക്ഷണക്രമം സൂക്ഷിച്ചത് ഗ്രീനിന് ഗുണം ചെയ്തു. ഗ്രീനിന്റെ മാതാവ് ബീ ട്രേസിയുടെ പ്രസവ കാല ചികിത്സയ്ക്കിടയിലാണ് താരത്തിന്റെ അസുഖം കണ്ടെത്തിയത്.ഐപിഎല്ലില്‍ മുംബയ് ഇന്ത്യന്‍സ് കഴിഞ്ഞ വര്‍ഷത്തെ താരലേലത്തില്‍ 17.5 കോടി രൂപ മുടക്കിയാണ് താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ മുംബയ് ട്രേഡ് ചെയ്തതിനാല്‍ അടുത്ത സീസണില്‍ ആര്‍സിബിക്ക് വേണ്ടിയാണ് താരം കളിക്കുക.