സ്പോർട്സ് ഡെസ്ക്ക് : 1999ലെ ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ സിംബാബ്വെയുടെ അട്ടിമറി വിജയം. അച്ഛന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ സച്ചിൻ ഇല്ലാതെയാണ് ഇന്ത്യ അന്നിറങ്ങിയത്. പക്ഷേ അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മൂന്ന് ദിവസങ്ങൾക്കിപ്പുറം അയാൾ തിരിച്ചു വണ്ടി കയറി. ടീമിനൊപ്പം ചേർന്നു. തന്റെ അഭാവം ടീമിനെ എത്ര കണ്ട് ബാധിച്ചിട്ടുണ്ട് എന്ന് അയാൾക്ക് അറിയായിരുന്നു. ക്രിക്കറ്റ് എന്ന വികാരത്തെ അയാൾ അത്ര കണ്ട് സ്നേഹിച്ചിരുന്നു എന്നതിന് തെളിവായിരുന്നു ആ മടങ്ങിവരവ്. തന്റെ കരിയർ തനിക്കു സമ്മാനിച്ച , കുട്ടിക്കാലം മുതൽ ബാറ്റേന്തിയ കയ്യിൽ കരുതലായ പിതാവ്. അ പിതാവിന്റെ വിയോഗം ചെറുതൊന്നുമല്ല അയാളെ ബാധിച്ചത്. എന്നിട്ടും കാലത്തിന്റെ അനിവാര്യതയെന്നവണ്ണം രാജ്യത്തിന്റെ വിജയത്തിനായി അയാൾ വണ്ടി കയറി.
1999ലെ ലോകകപ്പില്‍ ഇന്ത്യയുടെ തുടക്കം തന്നെ തോല്‍വിയോടെ ആയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റിന് 253 റണ്‍സെടുത്തു. അഹര്‍തപ്പെട്ട സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ സൗരവ് ഗാംഗുലി റണ്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ജാക് കാലിസിന്റെ 96 റണ്‍സ് ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം മത്സരം ഇന്ത്യൻ ക്രിക്കറ്റ് എക്കാലവും മറക്കാൻ ആഗ്രഹിക്കുന്നതാണ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 9 വിക്കറ്റിന് 252 റണ്‍സെടുത്തു. ജവഗല്‍ ശ്രീനാഥിനെയും വെങ്കിടേഷ് പ്രസാദിനെയും അജിത്ത് അഗാര്‍ക്കറിനെയും അനില്‍ കുംബ്ലയെയും സിംബാബ്വെൻ താരങ്ങള്‍ അനായാസം നേരിട്ടു. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ സച്ചിൻ ഇല്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യൻ പോരാട്ടം 249ല്‍ അവസാനിച്ചു. സിംബാബ്വെയ്ക്ക് മൂന്ന് റണ്‍സിന്റെ അട്ടിമറി ജയം.
ഇന്ത്യൻ ടീമില്‍ തന്റെ സ്ഥാനത്തിന് ഏറെ വിലയുണ്ടെന്ന് മനസിലാക്കിയ സച്ചിൻ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിയെത്തി. അച്ഛന്റെ വിയോഗത്തിലുള്ള ദുഃഖവും പേറി ബാറ്റേന്തിയ ക്രിക്കറ്റ് ദൈവത്തിന് അച്ഛന്റെ മരണാനന്തര ചടങ്ങുകളുടെ പൂർത്തീകരണവും സിംബാവെയ്ക്കെതിരായ പരാജയത്തിന്റെ പകരം വീട്ടൽ കൂടിയായിരുന്നു. സച്ചിൻ നിറഞ്ഞാടിയ മത്സരത്തിൽ കെനിയയ്ക്കെതിരെ 101 പന്തില്‍ 140 റണ്‍സ് അയാൾ അടിച്ചു കൂട്ടി. 16 ഫോറും മൂന്ന് സിക്സും സച്ചിന്റെ ബാറ്റില്‍ നിന്ന് പിറന്നു. സെഞ്ചുറി നേടിയ ശേഷം ബാറ്റ് ഉയര്‍ത്തി ആകാശത്തേയ്ക്ക് നോക്കി കണ്ണീര് പൊഴിച്ച സച്ചിന്റെ ദൃശ്യങ്ങള്‍ ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ മായാതെ കിടക്കുന്നു. പിന്നീടുള്ള കാലത്ത് ഓരോ നേട്ടവും സ്വന്തമാക്കുമ്പോഴും ക്രീസിലേക്ക് എത്തുമ്പോഴും മാനത്ത് നോക്കി പിതാവിനെ അഭിവാദ്യം ചെയ്യാൻ സച്ചിൻ മറന്നിട്ടില്ല. കെനിയയെ 94 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പില്‍ ജയിച്ചു തുടങ്ങി.
നാലാം മത്സരം ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു. ഇത്തവണ ഗാംഗുലിയും ദ്രാവിഡുമായിരുന്നു ഹീറോകള്‍. 183 റണ്‍സുമായി ഗാംഗുലിയും 145 റണ്‍സുമായി ദ്രാവിഡും ക്രീസില്‍ ഉറച്ചു. ചാമിന്ദ വാസും മുത്തയ്യ മുരളീധരനും നിലം തൊടാതെ ഗ്യാലറിക്ക് വെളിയിലെത്തി. ഇന്ത്യ 157 റണ്‍സിന് ശ്രീലങ്കയെ തകര്‍ത്തുവിട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയം നേടി ഇന്ത്യൻ സൂപ്പര്‍ സിക്സില് കടന്നു. പക്ഷേ ഓസ്ട്രേലിയയോടും ന്യൂസിലാൻഡിനോടും തോറ്റ ഇന്ത്യ സെമി കാണാതെ പുറത്തായി. ലോകകപ്പില്‍ 461 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് ടോപ് സ്കോററായത് ഇന്ത്യയ്ക്ക് ആശ്വാസമായി.