ബ്യൂണസ് ഐറിസ് : ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി വമ്പന്മാര്‍ കളിക്കാനിറങ്ങുന്നു. നിലവിലെ ലോകജേതാക്കളായ അര്‍ജന്റീന വെള്ളിയാഴ്ച പുലര്‍ച്ചെ 4.30-ന് പാരഗ്വായെയും രാവിലെ ആറിന് ബ്രസീല്‍ വെനസ്വേലയെയും നേരിടും.മത്സരങ്ങള്‍ ഫിഫ പ്ലസില്‍ തത്സമയം കാണാം.
സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചേക്കില്ല. താരം പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ താരം ടീമിനൊപ്പം പരിശീലനം നടത്തിയതായി അര്‍ജന്റീന പരിശീലകൻ ലയണല്‍ സ്കലോണി വ്യക്തമാക്കി. താരം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ വൈറലാണ്. ഇന്റര്‍ മയാമിയ്ക്ക് വേണ്ടി കളിക്കുമ്ബോഴാണ് മെസ്സിയ്ക്ക് പരിക്കേറ്റത്. പിന്നീട് നാല് മത്സരങ്ങളില്‍ താരം ടീമില്‍ നിന്ന് വിട്ടുനിന്നു. യു.എസ്. ഓപ്പണ്‍ കപ്പ് ഫൈനലില്‍ മെസ്സിയില്ലാതെയിറങ്ങിയ മയാമി തോറ്റിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ താരം സിൻസിനാറ്റിക്കെതിരായ മേജര്‍ സോക്കര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. സെപ്റ്റംബര്‍ മൂന്നിന് ശേഷം മെസ്സി ക്ലബ്ബിനുവേണ്ടി വെറും 37 മിനിറ്റ് മാത്രമാണ് കളിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാനംനടന്ന മത്സരങ്ങളില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന കളിക്കാനിറങ്ങുന്നത്. ബൊളീവിയയെ അവരുടെ നാട്ടില്‍ ടീം 3-0ത്തിന് തോല്‍പ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളാല്‍ ലയണല്‍ മെസ്സി അന്ന് കളിക്കാനിറങ്ങിയിരുന്നില്ല. ജൂലിയൻ അല്‍വാരെസ്, നിക്കോളാസ് ഗോണ്‍സാലെസ്, എയ്ഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡിപോള്‍ തുടങ്ങിയവരും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചേക്കും. യോഗ്യതാമത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബ്രസീല്‍ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പെറുവിനെതിരേ കഷ്ടിച്ചാണ് ബ്രസീല്‍ ജയിച്ചത്. 90-ാം മിനിറ്റില്‍ മാര്‍കിന്യോസാണ് സ്കോര്‍ ചെയ്തത്. നെയ്മര്‍, റിച്ചാലിസണ്‍, റഫീന്യ, കാസെമിറോ തുടങ്ങിയ പ്രമുഖതാരങ്ങള്‍ കളത്തിലുണ്ടായിട്ടും ഗോളടിക്കാൻ അവസാനമിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ആദ്യകളിയില്‍ ബൊളീവിയയെ 5-1ന് തോല്‍പ്പിച്ചത് കാനറികള്‍ക്ക് ആശ്വാസമാണ്. അന്ന് റോഡ്രിഗോ, നെയ്മര്‍ എന്നിവര്‍ ഇരട്ടഗോള്‍ നേടി.