ഖത്തർ : ലോക കപ്പിനു മുമ്പുള്ള അവസാന സൗഹൃദമത്സരത്തില്‍ ജമൈക്കയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന. രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ലയണല്‍ മെസ്സി നേടിയ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ആണ് അര്‍ജന്റീന ത്രസിപ്പിക്കുന്ന ജയം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും വിപരീതമായി 8 മാറ്റങ്ങളുമായാണ് അര്‍ജന്‍്റീന ഇറങ്ങിയത്. ലൗത്താരോ, ലോ സെല്‍സോ, തഗ്ലിയാഫിക്കോ എന്നീ താരങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ ആരും കഴിഞ്ഞ മത്സരത്തിന്‍്റെ ആദ്യ ഇലവനില്‍ ഇല്ലാതിരുന്നവരാണ്. അക്ഷരാര്‍ത്ഥത്തില്‍ മുഴുവന്‍ സമയവും കളിക്കുവാന്‍ ആയില്ലെങ്കിലും മെസ്സി മാജിക് ആണ് ഗ്രൗണ്ടില്‍ കാണാന്‍ കഴിഞ്ഞത്.
13 ആം മിനിറ്റില്‍ ലൗത്താരോ മാര്‍ട്ടിനെസിന്റെ അസിസ്റ്റില്‍ നിന്നും ജൂലിയന്‍ അല്‍വാരസാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ പിന്നീട് അങ്ങോട്ട് ഗോള്‍ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന അര്‍ജന്റീനയെ ആണ് കണ്ടത്. ശേഷം രണ്ടാം പകുതിയില്‍ ലൗത്താരോയ്ക്ക് പകരക്കാരന്‍ ആയി സാക്ഷാല്‍ ലിയോ മെസ്സി കളത്തിലിറങ്ങി. പുറകെ ഡി പോള്‍, മോളീന തുടങ്ങിയവരും ഇറങ്ങിയതോടെ കളി മാറി. 86 ആം മിനിറ്റില്‍ ബോക്സിന് വെളിയില്‍ നിന്നും മെസ്സിയുടെ ഒരു തകര്‍പ്പന്‍ ഗോള്‍. സ്റ്റേഡിയത്തില്‍ മെസ്സി മെസ്സി എന്നുള്ള ചാൻസുകള്‍ ആണ് പിന്നീട് മുഴുവന്‍ കണ്ടത്. അധികം വൈകിപ്പിക്കാതെ തന്നെ 89 ആം മിനിറ്റില്‍ ഇരട്ടഗോളും എത്തി. പന്തുമായി ഡ്രിബിള്‍ ചെയ്ത് മുന്നേറിയ മെസ്സിയെ ജമൈക്കന്‍ താരം ബോക്സിന് തൊട്ടുവെളിയില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലിയോ പ്രതിരോധ ഭിത്തിയില്‍ നിന്ന താരങ്ങളുടെ കാലിനിടയിലൂടെ വലയിലെത്തിച്ചു. സ്റ്റേഡിയം ആര്‍ത്തിരമ്പി. ഇതായിരുന്നു അവര്‍ കാണാന്‍ കൊതിച്ചത്. ഇതിന് വേണ്ടിയായിരുന്നു അവര്‍ കാത്തിരുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷമുള്ള മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍. അങ്ങനെ 1-0 ന് അവസാനിക്കും എന്ന് കരുതിയ കളി മിനിറ്റുകള്‍ കൊണ്ട് മാറി. എതിരില്ലാത്ത 3 ഗോളുകള്‍ക്ക് അര്‍ജന്റീന ജമൈക്കയേ പരാജയപ്പെടുത്തി.
ആരാധന മൂലം മത്സരത്തില്‍ തുടര്‍ച്ചയായി ആരാധകര്‍ ഗ്രൗണ്ടില്‍ ഇറങ്ങി താരങ്ങള്‍ക്ക് നേരെ വന്നത് ചെറിയ രീതിയില്‍ മത്സരത്തെ ബാധിച്ചു. മെസ്സി ആയിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും ഒക്കെ വേണ്ടിയാണ് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്.